പാലക്കാട് : ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കുലുക്കല്ലൂർ വണ്ടുംന്തറ കടുകതൊടി പടിഞ്ഞാറേതിൽ അബ്ബാസാണ് (54) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചെർപ്പുളശ്ശേരി മഞ്ചക്കല്ല് സ്വദേശി മുഹമ്മദാലിയെ കൊപ്പം പൊലീസ് കസ്‌റ്റഡിയിലെടുത്തു.
ചൊവ്വാഴ്‌ച (26.07.2022) രാവിലെ 6.30ഓടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ മുഹമ്മദാലി അബ്ബാസിനെ വീട്ടിൽ നിന്നും വിളിച്ച് ഇറക്കി, കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. അബ്ബാസിന്‍റെ മകൻ ശിഹാബ് തടയാൻ ശ്രമിച്ചുവെങ്കിലും ഇയാൾ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു.
കുത്തേറ്റ അബ്ബാസിനെ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.