പാലക്കാട്: കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഫൈസൽ (36) ആണ് പിടിയിലായത്. 11 കിലോ കഞ്ചാവുമായി കൊല്ലങ്കോട് പൊലീസും പാലക്കാട് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. മുതലമട റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് പ്രതികൾ പിടിയിലാകുന്നത്. തമിഴ്നാട്ടിൽ നിന്നും കൊണ്ട് വന്ന് തൃശ്ശൂർ ഭാഗത്ത് സ്റ്റോക്ക് ചെയ്ത് കൊല്ലങ്കോട് കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കാൻ കാറിൽ കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
മീൻ വളർത്തലിന്‍റെ മറവിൽ കൊല്ലങ്കോട് കാമ്പ്രത്ത് ചള്ളയിൽ താമസിച്ച് കഞ്ചാവ് വില്പന നടത്തിവരികയായിരുന്ന പ്രതിയെ രഹസ്യവിവരം ലഭിച്ചതിനെ തുടന്നാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവിന് ചില്ലറ വിപണിയിൽ 10 ലക്ഷം രൂപയോളം വില വരും. പാലക്കാട് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്‍റെ നിർദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്‌പി സിഡി ശ്രീനിവാസൻ, ആലത്തൂർ ഡിവൈഎസ്‌പി കെ.എം. ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ കൊവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.