പാലക്കാട്: പുതുവത്സരത്തിൽ സന്ദർശകർക്കായി മിഴിവാർന്ന കാഴ്ച്ചകളൊരുക്കാൻ തയ്യാറെടുക്കുകയാണ് മലമ്പുഴ ഉദ്യാനം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മാർച്ച് മാസം മുതൽ ഉദ്യാനം അടച്ചിട്ടിരിക്കുകയാണ്. വലിയ തിരക്ക് അനുഭവപ്പെടാറുള്ള മധ്യവേനലവധിക്കും ഓണക്കാലത്തുമെല്ലാം സന്ദർശകരില്ലാത്ത നിലയിലായിരുന്നു മലമ്പുഴ. എന്നാൽ ഈ പ്രതിസന്ധികളെല്ലാം മറികടന്ന് നാട് മുന്നോട്ടുപോകുമെന്നും പുതുവത്സരത്തിൽ ഉദ്യാനം തുറക്കാനായേക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഡാം അധികൃതർ. ജനുവരിയിൽ നിയന്ത്രണങ്ങൾ ഒഴിവാക്കിയാൽ സന്ദർശകർക്കായി വർണാഭമായ കാഴ്ചകൾ ഒരുക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഉദ്യാനത്തിൽ ചെണ്ടുമല്ലി പൂക്കളുടെ പ്രത്യേക വിഭാഗം തയ്യാറായികൊണ്ടിരിക്കുകയാണ്.
ലോകത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നുള്ള വ്യത്യസ്തതരം ചെണ്ടുമല്ലികളെ ഉൾപ്പെടുത്തിയാണ് ഇത് ഒരുക്കുന്നതെന്നാണ് പ്രത്യേകത. ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പൂക്കളുടെ വിത്തുകൾ ഇതിനോടകം ഉദ്യാനത്തിൽ എത്തിച്ചിട്ടുണ്ട്. വരുന്ന ആഴ്ച തന്നെ ഇവ നട്ടുവളർത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. ചെണ്ടുമല്ലികൾക്കൊപ്പം മറ്റു വിവിധ തരം പൂക്കളും പുതുതായി ഇവിടെ ഒരുക്കുന്നുണ്ട്. വർണക്കാഴ്ചകളൊരുക്കി മലമ്പുഴ ഉദ്യാനം നമുക്കായി കാത്തിരിക്കുമ്പോൾ എല്ലാ പ്രതിസന്ധികളും മറികടന്ന് നമുക്കാ കാഴ്ചകൾ കാണാനാകട്ടെയെന്ന് പ്രത്യാശിക്കാം.