പാലക്കാട്: പാലക്കാട് ജില്ലയിലെ 11 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. പന്ത്രണ്ട് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ മണ്ണാർക്കാട് മണ്ഡലം മുന്നണി ധാരണ പ്രകാരം മുസ്ലിം ലീഗിനുള്ളതാണ്. ബാക്കിയുള്ള 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയാണ് തയ്യാറാക്കിയത്. ഡിസിസി ഓഫീസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന യോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് സാധ്യതാ പട്ടിക തയ്യാറായിരിക്കുന്നത്. ഇതിൽ പാലക്കാട്, തൃത്താല, കോങ്ങാട്, തരൂർ മണ്ഡലങ്ങളിലേക്ക് ഓരോ പേര് മാത്രമേ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളൂ. അതിൽ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പാലക്കാട് മണ്ഡലത്തിലേക്ക് ഷാഫി പറമ്പിലിന്‍റെ പേര് മാത്രമേ നിർദ്ദേശിക്കപ്പെട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.
തൃത്താലയിൽ വിടി ബൽറാം വീണ്ടും ജനവിധി തേടും. തരൂരിൽ കെഎ ഷീബയും കോങ്ങാട് വികെ ശ്രീകണ്ഠൻ എംപിയുടെ ഭാര്യയും എഐസിസി അംഗവുമായ കെഎ തുളസിയും മത്സരിക്കും. പട്ടാമ്പിയിൽ മുൻ എംഎൽഎ സിപി മുഹമ്മദ്, പട്ടാമ്പി മുൻ നഗരസഭാ ചെയർമാൻ ആയിരുന്ന കെഎസ്ബിഎ തങ്ങൾ എന്നിവരുടെ പേരുകളാണ് ഉയർന്നു വന്നത്. ഒറ്റപ്പാലത്ത് പി ഹരിഗോവിന്ദൻ, യൂത്ത് കോൺഗ്രസ് നേതാവ് ഡോ. പി സരിൻ എന്നിവരുടെ പേരുകളും നെന്മാറയിൽ സി ചന്ദ്രൻ, വിഎസ് വിജയരാഘവൻ എന്നിവരുടെ പേരുകളുമാണ് ഉയർന്നത്.
ആലത്തൂരിൽ കെപിസിസി അംഗം പാളയം പ്രദീപ്, യൂത്ത് കോൺഗ്രസ് നേതാവ് കെഎ ഫെബിൻ എന്നിവരിൽ ഒരാൾക്കാകും നറുക്ക് വീഴുക. മലമ്പുഴയിൽ എസ്കെ അനന്തകൃഷ്ണൻ, കെപിസിസി സെക്രട്ടറി കുമാരസ്വാമി എന്നിവരുടെ പേരുകളും ചിറ്റൂരിൽ കെപിസിസി സെക്രട്ടറി പിവി രാജേഷ്, മുൻ എംഎൽഎ കെ അച്യുതന്‍റെ മകൻ സുമേഷ് അച്യുതന്‍ എന്നിവരുടെ പേരുകളുമാണ് ഉയർന്ന് വരുന്നത്. ഷൊർണ്ണൂരിൽ സി. സംഗീതയെയോ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ടിഎച്ച് ഫിറോസിനെയോ പരിഗണിച്ചേക്കും. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വീതം വെപ്പെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നാണ് സാധ്യതാ പട്ടികയെക്കുറിച്ച് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ പ്രതികരണം.