പാലക്കാട്: കെ.പി.സി.സി വൈസ് പ്രസിഡൻ്റ് സി.പി.മുഹമ്മദും പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ.തങ്ങളും പട്ടാമ്പി നിയോജകമണ്ഡലം സീറ്റിനെച്ചൊല്ലി പരസ്യ പ്രതികരണവുമായി രംഗത്ത്. 15 വർഷം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത സി.പി. മുഹമ്മദാണ് മത്സരിക്കാനുള്ള താൽപര്യം ആദ്യം പ്രകടിപ്പിച്ചത്. യുവജനങ്ങൾക്ക് പ്രാതിനിധ്യം നൽകണമെന്നാണ് പാർട്ടിനയം. എന്നാൽ, പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണെന്ന് സി.പി. മുഹമ്മദ് പറഞ്ഞു. താൻ സീറ്റ് ചോദിച്ച് ആരുടെയും പുറകെ പോയിട്ടില്ല. പാർട്ടി തന്നെ മത്സരിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നെന്നും അദ്ദഹം പറഞ്ഞു.
വൈകാതെ കെ.എസ്.ബി.എ. തങ്ങളും പ്രതികരണവുമായെത്തി. പട്ടാമ്പി നിയോജകമണ്ഡലത്തിൽനിന്നുള്ള സ്ഥാനാർഥി തന്നെയാണുണ്ടാവുകയെന്നും പാർട്ടി അവസരം തന്നാൽ മത്സരിക്കുമെന്നും തങ്ങളും ആവർത്തിച്ചു. ലീഗില്ലാതെ കോൺഗ്രസിനും കോൺഗ്രസില്ലാതെ ലീഗിനും വിജയിക്കാൻ കഴിയില്ലെന്നും തങ്ങൾ കൂട്ടിച്ചേർത്തു. പട്ടാമ്പി സീറ്റ് മുൻകാലങ്ങളിലും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. അവർക്കതിന് അർഹതയുമുണ്ട്. എന്നാൽ, പട്ടാമ്പിയിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെയാണ് മത്സരിക്കുക. യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പഴയ പ്രതാപത്തിലേക്ക് മുന്നണി തിരിച്ചെത്തുമെന്നും തങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പട്ടാമ്പിയിൽ മത്സരിക്കാൻ നേരത്തെയും തങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. 2010ൽ സി.പി. മുഹമ്മദിൻ്റെ മൂന്നാം ഊഴത്തെ ചോദ്യം ചെയ്ത് കോൺഗ്രസിനകത്ത് കലഹങ്ങളുണ്ടാക്കിയിരുന്നു. നിലവിലുള്ള എം.എൽ.എമാർക്ക് വീണ്ടും അവസരം നൽകാനുള്ള കെ.പി.സി.സി തീരുമാനമാണ് അന്ന് സി.പി. മുഹമ്മദിനെ തുണച്ചത്. എന്നാൽ, ഇതിനെതിരെ കോൺഗ്രസിലെ ഒരുവിഭാഗം പ്രകടനവും കൺവെൻഷനും നടത്തി പ്രതിഷേധിച്ചിരുന്നു. രണ്ടു കോൺഗ്രസ് പ്രാദേശികനേതാക്കൾ അച്ചടക്കനടപടിയും നേരിട്ടു. ഒറ്റപ്പാലം നിയോജകമണ്ഡലത്തിൻ്റെ തെരഞ്ഞെടുപ്പ് ചുമതല നിർവഹിച്ച തങ്ങൾ തെരഞ്ഞെടുപ്പിന് ശേഷമാണ് നടപടിക്ക് വിധേയനായത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ മേൽക്കൈ കണക്കുകൾ വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പട്ടാമ്പി സീറ്റിനായുള്ള അവകാശവാദം ഉന്നയിച്ചത്. നിയോജകമണ്ഡലത്തിൽ കോൺഗ്രസിനെക്കാൾ മുന്നിൽ ലീഗാണെന്ന് വിവിധ പഞ്ചയത്തുകളിലെ വോട്ടുകൾ നിരത്തി നേതാക്കൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.