പാലക്കാട്: കൊലപെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കി കൊലപാതകം പ്രവര്‍ത്തനശൈലിയായി സ്വീകരിച്ച ഭീകര സംഘടനകളാണ് എസ് ഡി പി ഐ യും ആര്‍ എസ് എസുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എല്‍ ഡി എഫ് പാലക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനെ വര്‍ഗീയമായി ചേരി തിരിക്കാനാണ് എസ് ഡി പി ഐ ആര്‍ എസ് എസിന്‍റെ ശ്രമമെന്നും ഇവരിലുള്ള കൊലപാതക സംഘത്തെ ജനങ്ങളുടെ സംഘടിത ശക്തികള്‍ കൊണ്ട് കീഴ്പെടുത്തണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.
പണവും ആയുധങ്ങളും ശേഖരിച്ച് ഭീകരവാദം നടത്തുന്ന ഇസ്ലാമിക് ഭീകര സംഘടനകൾ ആയുധം ഉപേക്ഷിക്കണമെന്നും ജയരാജന്‍ പറഞ്ഞു. യു ഡി എഫിന് ഇത്തരം വര്‍ഗീയതയ്ക്കെതിരെ പ്രതികരിക്കാനാകില്ലെങ്കിലും ഇടതു പക്ഷ സര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് പാലക്കാട് യുഡിഎഫ് ജയിക്കുന്നത്.
എന്നാല്‍ വോട്ടിനുവേണ്ടി ഇവരെ പ്രോത്സാഹിപ്പിക്കുന്നത് രാജ്യദ്രോഹമാണ്. ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രതിഷേധം ഉയര്‍ത്തുകയാണ് യു ഡി എഫ് ചെയ്യേണ്ടത്. അതേസമയം ജമാഅത്തെ ഇസ്ലാമിയുടെയും ആർഎസ്‌എസിന്റെയും വോട്ടുനേടി ജയിച്ച നിരവധി പേർ നിയമസഭയിലുള്ളതിനാൽ ഒന്നും മിണ്ടാനാകുന്നില്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
ആര്‍ എസ് എസ് ഇളക്കി വിട്ടിരിക്കുന്ന പിസി ജോര്‍ജിനെ സംരക്ഷിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇത്തരത്തില്‍ കേരളത്തെ നശിപ്പിക്കുന്ന ശക്തികളെ എതിര്‍ത്ത് സ്വൈര്യ ജീവിതം ഒരുക്കാനാണ് എല്‍ ഡി എഫ് ശ്രമിക്കുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ റാലിയില്‍ സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി കെ കൃഷ്‌ണൻകുട്ടി അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്‌ണദാസ്, എൻസിപി ജില്ലാ പ്രസിഡന്റ് എ രാമസ്വാമി, കേരള കോൺഗ്രസ്‌എം ജില്ലാ പ്രസിഡന്‍റ് കെ കുശലകുമാർ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. പാലക്കാട് മേഴ്‌സി കോളേജിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ചിൽ ആയിരത്തോളം പേർ പങ്കെടുത്തു.