പാലക്കാട്: തൊഴിൽ തർക്കത്തിന്‍റെ പേരിൽ കഞ്ചിക്കോട് നിന്നും പ്രവർത്തനം അവസാനിപ്പിച്ച് പോയ കമ്പനികളെ തിരികെ കൊണ്ടുവരുവാൻ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് നോക്കുകൂലി ഇല്ലാതായതിന്‍റെ പേരിൽ ഇനിയും വ്യവസായികൾ ആശങ്ക നേരിടുന്നുണ്ടെങ്കിൽ അവർക്ക് പൂർണ സംരക്ഷണം നൽകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉദ്യോഗസ്ഥ സമീപനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു വ്യവസായികളുടെ പ്രധാന പരാതികൾ. കഞ്ചിക്കോട് വ്യവസായ വികസനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ യൂണിയനുകളുമായി നിയമസഭാ സമ്മേളനത്തിന് ശേഷം ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നതോടെ കഞ്ചിക്കോട് ടൗൺഷിപ്പ് സ്ഥാപിക്കാനും പ്രദേശത്തിന്‍റെ വികസന സാധ്യത കണക്കിലെടുത്ത് ഐടി പാർക്ക് സ്ഥാപിക്കാനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.