പാലക്കാട്: കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്‍റെ മരണത്തിൽ അറസ്റ്റിലായ ഏഴ് പ്രതികളെ മണ്ണാർകാട് പ്രത്യേക കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഏഴ് പൊലീസുകാരായ റഫീഖ്, ഹരിഗോവിന്ദന്‍, മഹേഷ്, മുഹമ്മദ് ആസാദ്, ശ്രീജിത്ത്, വിശാഖ്, ജയേഷ് എന്നിവരെ രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
എ ആർ ക്യാമ്പിലെ പൊലീസുകാരനായിരുന്ന കുമാറിനെ ജൂലൈ 25-നാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പിലെ ജാതി വിവേചനവും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി. കുമാറിന്‍റെ ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.