പാലക്കാട്: ലോക്ക് ഡൗണിൽ തൊഴിലില്ലാതെ വലയുന്ന ഉപഭോക്താക്കളുടെ വൈദ്യുതി ചാർജ് വർധിപ്പിച്ച കെഎസ്‌ഇബി നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലുടനീളം കെഎസ്‌ഇബി ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. വൈദ്യുതി ചാർജിൽ ഉണ്ടായ അമിത വർധന ഇളവ് ചെയ്യുക, ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാർജ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് കെഎസ്ഇബി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. ലോക്ക് ഡൗൺ കാലത്ത് വരുമാനം നിലച്ചത് പരിഗണിച്ച് സബ്സിഡികൾ നൽകിയും വർധിച്ച ചാർജ് ഒഴിവാക്കിയും ജനങ്ങൾക്ക് ആശ്വാസം നൽകാൻ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്‍റ് പി.ലുഖ്മാൻ, മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.സലാം, മുഹമ്മദ് മാഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.