പാലക്കാട്: കോങ്ങാട് മണ്ഡലത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധം. കോങ്ങാട് മണ്ഡലത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ അഡ്വ. കെ.ശാന്തകുമാരിയെയാണ് സംസ്ഥാന നേതൃത്വം പരിഗണിച്ചത്. എന്നാല്‍ മണ്ഡലത്തില്‍ തന്നെയുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്നാണ് മണ്ഡലം കമ്മിറ്റിയിലുയര്‍ന്ന ആവശ്യം. അഡ്വ. കെ.ശാന്തകുമാരിക്ക് പകരം മണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്‍റായ ഒ.വി.സ്വാമിനാഥനെ പരിഗണിക്കണമെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത എന്‍എന്‍ കൃഷ്‌ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇത് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനമാണെന്നും അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. തുടക്കത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ അധ്യക്ഷന്‍ പിപി സുമോദിനെയായിരുന്നു കോങ്ങാട് പരിഗണിച്ചിരുന്നത്. എന്നാല്‍ തരൂര്‍ മണ്ഡലവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് സുമോദിനെ തരൂരിലേക്ക് മാറ്റുകയായിരുന്നു. പകരം കോങ്ങാട്ടേക്ക് ശാന്തകുമാരിയെ നിശ്ചയിക്കുകയും ചെയ്‌തു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രദേശത്തുള്ളവര്‍ക്ക് പരിഗണന നല്‍കണമെന്നുമുള്ള നിലപാടിലാണ് പ്രാദേശിക നേതാക്കള്‍.