പാലക്കാട്: പട്ടാമ്പി ഓങ്ങല്ലൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ഏതു സമയത്ത് വേണമെങ്കിലും നിലംപൊത്താവുന്ന വീട്ടിലാണ് ഒറ്റമ്മ എന്നറിയപ്പെടുന്ന വിജയലക്ഷ്മി താമസിച്ചിരുന്നത്. സ്വന്തക്കാരോ ബന്ധുക്കാരോ ഇല്ലാതെ ഒറ്റക്ക് കഴിഞ്ഞിരുന്ന ഇവർ നാട്ടുകാർക്ക് ഒറ്റമ്മയാണ്. ഇവരുടെ ദുരവസ്ഥ മനസിലാക്കിയ നാട്ടുകാരാണ് സഹായത്തിനെത്തിയത്.
ലൈഫ് ഭവന പദ്ധതിയില്‍ നിന്നും ലഭിച്ച 4 ലക്ഷം രൂപക്കൊപ്പം പ്രദേശത്തെ നാട്ടുകാരുടെയും ആരഭി കലാസമിതിയുടെയും പിന്തുണയോടെയാണ് വീട് നിർമിച്ചത്. പ്രദേശവാസികളായ കൃഷ്ണപ്രസാദ്, മുകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ വീട് നിർമ്മാണം പൂർത്തീകരിച്ച് നല്‍കിയത്. ഒരു നാട് മുഴുവൻ ഒപ്പമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ഒറ്റമ്മ പുതിയ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറിയത്.