പാലക്കാട് : ലോക്‌ഡൗൺ കാലം പല പരീക്ഷണങ്ങൾക്കും വേദിയാകുകയാണ്. നിയന്ത്രണങ്ങൾ നിലനില്‍ക്കുന്നതിനാല്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഓഫീസില്‍ ഒന്നിച്ച് യോഗം ചേരുന്നത് നിയമ ലംഘനമാകും. എന്നാല്‍ ഓഫീസില്‍ എത്താതെ ഓൺലൈനായി പഞ്ചായത്ത് യോഗം ചേർന്നാണ് പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ലോക് ഡൗൺ കാലത്തെ അതിജീവിച്ചത്. 23 അംഗങ്ങളം ഓൺലൈനായി യോഗത്തില്‍ പങ്കെടുത്തു. ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പൂർണമായും സർക്കാർ നിർദേശം പാലിച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ബോർഡ് മീറ്റിങ് നടത്തിയത്.
ഇതോടെ സംസ്ഥാനത്ത് ആദ്യമായി ഓൺലൈനായി ബോർഡ് മീറ്റിങ് നടത്തിയ പഞ്ചായത്തായി ഓങ്ങല്ലൂർ മാറി. ലോക്‌ഡൗണിൽ ആളൊഴിഞ്ഞ ഓങ്ങല്ലൂർ പഞ്ചായത്തിൽ പ്രസിഡൻ്റും സെക്രട്ടറിയും അവരുടെ ഓഫീസുകളിൽ ഇരുന്ന് ഓൺലൈനായി 21 പഞ്ചായത്ത് മെമ്പർമാരുമായും കൂടിക്കാഴ്‌ച നടത്തി.
കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ബോർഡ് മീറ്റിങ് നടന്നത്. സർക്കാർ നിർദേശപ്രകാരം ആളുകൾ കൂടുന്നതൊഴിവാക്കാൻ പഞ്ചായത്തുകൾ ബോർഡ് മീറ്റിങ്ങുകൾ മാറ്റിവയ്ക്കുന്ന അവസ്ഥയാണ്. അപ്പോഴാണ് എല്ലാ മെമ്പർമാരേയും സെക്രട്ടറിയേയും ഉൾപ്പെടുത്തി ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് യോഗം ചേർന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിഷാർ പറമ്പിലിൻ്റെ ആശയത്തിലാണ് സൂം ക്ലൗഡ് മീറ്റിംഗ് സോഫ്‌ട്‌വെയർ ഉപയോഗിച്ച് പഞ്ചായത്തിലെ ടെക്‌നിക്കൽ അസിസ്റ്റൻ്റ് ശ്രീജിത്തിൻ്റെ സഹായത്തോടെ ഓൺലൈൻ യോഗം ചേർന്നത്.