പാലക്കാട്: ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപ പദ്ധതിക്ക് തൃത്താലയില്‍ തുടക്കം. പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെ വെള്ളിയാംകല്ല് റിസര്‍വോയറിന്‍റെ ഭാഗത്ത് രണ്ടര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പുഴകളിലും മറ്റ് ജലാശയങ്ങളിലും ഇല്ലാതാകുന്ന ഉള്‍നാടന്‍ മത്സ്യ സമ്പത്ത് സംരക്ഷിക്കുക, പൊതുജനങ്ങള്‍ക്ക് മത്സ്യ ലഭ്യതയും തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മലമ്പുഴ ഫിഷറീസ് ഗാര്‍ഡനില്‍ നിന്നും ശേഖരിച്ച കട്ല, രോഹു, മൃഗാല ഇനത്തില്‍പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
പദ്ധതി ഉദ്‌ഘാടനം തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. കൃഷ്‌ണകുമാര്‍ നിര്‍വഹിച്ചു. എല്ലാ വര്‍ഷവും ഇവിടെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാറുണ്ട്. കടലില്‍ നിന്നും പിടിക്കുന്ന മീനുകളില്‍ കീടനാശിനികളുടെ ഉപയോഗം കൂടുന്നതും ലോക്ക്‌ഡൗണ്‍ കാലത്ത് കടല്‍ മത്സ്യങ്ങളുടെ വരവ് കുറഞ്ഞതും ഉള്‍നാടന്‍ മത്സ്യകൃഷിക്കും പുഴമീനുകള്‍ക്കും പ്രാധാന്യം കൂട്ടി. പദ്ധതി ഉദ്‌ഘാടന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തകരും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.