പാലക്കാട്: മലമ്പുഴയില്‍ സിപിഎം പ്രാദേശിക നേതാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ എട്ട് പ്രതികളിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട് എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായും മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു.
ഷാജഹാന് ലോക്കല്‍ കമ്മിറ്റിയില്‍ ഇടം ലഭിച്ചതില്‍ അസ്വസ്ഥരായ പ്രതികള്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പിന്നീട് ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ലെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ നേരത്തെ തന്നെ സിപിഎം വിട്ടതാണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു.
ഓഗസ്റ്റ് 14ന് രാത്രിയാണ് പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി 9.15ന് ഷാജഹാന്‍റെ വീടിന് സമീപത്തു വച്ചായിരുന്നു സംഭവം. 8 പേരടങ്ങുന്ന അക്രമി സംഘം വടി വാള്‍ ഉപയോഗിച്ച് ഷാജഹാനെ ആക്രമിക്കുകയായിരുന്നു. മാരകമായി വെട്ടേറ്റ ഷാജഹാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
also read: ഷാജഹാന്‍റെ കൊലയ്ക്ക് പിന്നില്‍ ആര്‍എസ്‌എസ്, വ്യാജ പ്രചാരണം നടത്തുന്നത് കൊടും ക്രൂരതയെന്നും സിപിഎം