പാലക്കാട്: പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവം നവംബർ പതിനാലിന് ആരംഭിക്കാനിരിക്കെ കൽപ്പാത്തിപ്പുഴ മാലിന്യക്കൂമ്പാരമായി തുടരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളുന്നത് കൽപ്പാത്തി പുഴയിലേക്കാണ്. ഒപ്പം കഴിഞ്ഞ രണ്ട് പ്രളയത്തിലും ഒഴുകിയെത്തിയ മാലിന്യം പുഴക്കരയിൽ അടിഞ്ഞു കൂടിയിയതോടെ പുഴ മാലിന്യക്കൂമ്പാരമായി. പൈതൃക ഗ്രാമമായ കൽപ്പാത്തിയുടെ അരികത്ത് കൂടിയാണ് പുഴ ഒഴുകുന്നത്.
പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന കൽപ്പാത്തി രഥോൽസവം ആരംഭിച്ചാൽ ഭക്തരടക്കം ലക്ഷക്കണക്കിന് സന്ദർശകർ ഇവിടേക്കെത്തും. ക്ഷേത്ര ദർശനത്തിനായും മറ്റുമെത്തുന്നവർ കുളിക്കാൻ ആശ്രയിക്കുന്നതും ഈ പുഴയെയാണ്. രണ്ട് വർഷമായിട്ടും പുഴ ശുചീകരിക്കാൻ നഗരസഭ തയ്യാറാവാത്തതിൽ പ്രദേശവാസികളും പ്രതിഷേധത്തിലാണ്. മാലിന്യ കൂമ്പാരത്തിൽ നിന്നും വമിക്കുന്ന ദുർഗന്ധം ഇത് വഴിയുള്ള യാത്ര പോലും ദു:സഹമായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.