പാലക്കാട്: ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി കഴിയുന്ന കേരളത്തിൽ ലൈഫ് മിഷന്‍റെ പേരിൽ നടത്തുന്ന കള്ളപ്രചരണം ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ്-യുഡിഎഫ് സഖ്യം വ്യാപകമായി രൂപപ്പെട്ടിരിക്കുന്നു. നെയ്യാറ്റിൻകര വിഷയത്തിൽ സർക്കാരിന് ഗുരുതരമായ വീഴ്‌ച സംഭവിച്ചിട്ടുണ്ട്. മത സാമുദായിക സംഘടനകൾക്ക് വലത് ഇടത് മുന്നണികളുടെ നിലപാടുകളോട് കടുത്ത അതൃപ്‌തി ഉടലെടുത്തിട്ടുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ജനുവരി 11ന് സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി നടത്തിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കും. മുഖ്യമന്ത്രിയുടെ ആശയസമ്പർക്ക പരിപാടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം നടത്തുന്നതാണ്. എന്നാൽ പരിപാടിയിൽ ദുരിതമനുഭവിക്കുന്ന അടിസ്ഥാന വർഗത്തിന്‍റെ പ്രതിനിധികൾ ആരും തന്നെയില്ല.
സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നിലപാടുകൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്ന ആഹ്വാനവുമായി പാലക്കാട് നടന്ന സമ്മേളനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. പാലക്കാട്ടെ പടലപിണക്കങ്ങളെക്കുറിച്ചും ജയ്ശ്രീറാം ഫ്ലക്‌സ് വിവാദത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് കെ. സുരേന്ദ്രൻ മറുപടി നൽകാതെ ഒഴിഞ്ഞു മാറി.