പാലക്കാട്: ആർഎസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം ചൊവ്വാഴ്‌ച രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. 18 പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പി എം അനില്‍കുമാര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ചത്. 1950 പേജുള്ള കുറ്റപത്രത്തിൽ 185 സാക്ഷികളും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ 270 തൊണ്ടിമുതലുകളും ഉള്‍പ്പെടുന്നു.
കേസില്‍ 44 പ്രതികളാണ് ഉള്ളത്. ഇതില്‍ 41 പേരെ അറസ്‌റ്റ് ചെയ്‌തതായും മൂന്നുപേർ ഗള്‍ഫിലാണെന്നും ഡിവൈഎസ്‌പി എം. അനില്‍കുമാര്‍ പറഞ്ഞു. ഇവരെ കൊണ്ടുവരുന്നതിനായി റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേസിന്‍റെ മൂന്നാംഘട്ട അന്വേഷണം ആരംഭിച്ചു.
ജൂലൈയില്‍ 25 പ്രതികള്‍ക്കെതിരായാണ് 893 പേജുള്ള ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. 2022 ഏപ്രിൽ 16ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ.
24 മണിക്കൂറിനകം പ്രതികാരമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകമെന്ന് ആദ്യഘട്ട കുറ്റപത്രത്തിൽ പറയുന്നു. സുബൈറിനെ കൊലപ്പെടുത്തിയ കേസിലും കുറ്റപത്രം നൽകിയിട്ടുണ്ട്.