പാലക്കാട്: കാർഗിൽ യുദ്ധ പോരാളിയായ മേജർ ദേവേന്ദർ പാൽ സിങ് ആദ്യമായി കേരളത്തിലെത്തി.ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആലത്തൂർ ഗുരുകുലം സ്കൂൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് ഇന്ത്യയുടെ ബ്ലേഡ് റണ്ണര്‍ എന്നറിയപ്പെടുന്ന മേജർ ദേവേന്ദർ പാൽ സിങ് എത്തിയത്. യുദ്ധത്തിനിടയിൽ വലംകാൽ നഷ്ടപ്പെട്ടിട്ടും തളരാതെ കൃത്രിമ കാലുപയോഗിച്ച് ട്രാക്കിലിറങ്ങി നിരവധി മാരത്തോണുകളില്‍ പങ്കെടുത്ത് റെക്കോർഡുകൾ സ്വന്തമാക്കിയ ആളാണ് ഡി.പി.സിങ്.
കുട്ടികളുമായി അദ്ദേഹം ദീർഘനേരം സംവദിച്ചു. തടസങ്ങൾ തരണം ചെയ്ത് മുന്നേറാൻ ശ്രമിക്കുമ്പോഴാണ് ഒരു പോരാളി ജനിക്കുന്നതെന്നും കായിക രംഗത്തും ഇന്ത്യൻ പ്രതിരോധ രംഗത്തും നിരവധി പ്രതിഭകളെ സംഭാവന ചെയ്ത കേരളത്തിൽ നിന്നും രാജ്യം ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും ഡി.പി.സിങ് കുട്ടികളോട് പറഞ്ഞു.
2016ൽ ലിംക ബുക്ക് ഓഫ് റേക്കോർഡിന്‍റെ പീപ്പിൾ ഓഫ് ദ ഇയർ പട്ടികയിൽ സ്ഥാനം നേടിയ ഡി.പി.സിങിനെ ഭിന്നശേഷിക്കാരായ വിശിഷ്ട വ്യക്തികൾക്കുള്ള പുരസ്കാരം നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.