പാലക്കാട്: ഓഫീസ് മുറ്റത്ത് നിറയെ പച്ചക്കറികൃഷി ചെയ്‌ത് മാതൃകയാവുകയാണ് പട്ടാമ്പി മണ്ഡലത്തിലെ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്. പൊതുജനങ്ങൾക്കിടയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യം. പതിവു കാഴ്‌ചകളിൽ നിന്നെല്ലാം വ്യത്യസ്‌തമായി പഞ്ചായത്ത് ഭരണ സമിതി തന്നെയാണ് കൃഷിയുടെ നടീലും പരിചരണവും നടത്തുന്നത്. എന്നാൽ വിളവെടുക്കുന്ന പച്ചക്കറികൾ പഞ്ചായത്തിൽ വരുന്ന ജനങ്ങൾക്ക് നൽകുകയാണ് ചെയ്യുന്നത്.
ഗ്രോ ബാഗിലാണ് കൃഷി ചെയ്യുന്നത്. വെണ്ട, മുളക്, വഴുതന, തക്കാളി, കാബേജ് എന്നിവയാണ് പ്രധാന ഇനങ്ങൾ. പഞ്ചായത്ത് മെമ്പർമാരും ജീവനക്കാരും ഉൾപ്പെടെ എല്ലാ അംഗങ്ങളും കൃഷി പരിപാലനത്തിൽ പങ്കാളികളാണ്.