പാലക്കാട് : കല്ലടിക്കോട്ട് ഭാര്യ ഭർത്താവിനെ വിറകുകൊള്ളികൊണ്ട് തലയ്‌ക്കടിച്ചുകൊന്നു. കരിമ്പ കല്ലടിക്കോട് കോലോത്തും പള്ളിയാൽ കുണ്ടംതരിശിൽ വീട്ടിൽ ചന്ദ്രനാണ്(58) കൊല്ലപ്പെട്ടത്. ഭാര്യ ശാന്തയെ(50) കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച (ഇന്ന്) രാവിലെ 11.30നാണ് സംഭവം. കുടുംബ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചന്ദ്രൻ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. അയല്‍ക്കാരടക്കം ഇതിന് സാക്ഷികളാണ്.
കഴിഞ്ഞ ദിവസവും ഞായറാഴ്ച രാവിലെയും വഴക്കുണ്ടായി. ഇതിനിടെ ചന്ദ്രൻ ശാന്തയെ അടിച്ചു. പ്രതിരോധിക്കുന്നതിനിടെയാണ് ഭർത്താവിന് അടിയേറ്റതെന്നാണ് ശാന്ത പൊലീസിന് നല്‍കിയ മൊഴി. മുമ്പ് വഴക്കിനിടെ വീണ് ചന്ദ്രന് പരിക്കേറ്റിരുന്നു. ചന്ദ്രന്‍റെ സംസ്കാരം നടന്നു. അറസ്റ്റിലായ ശാന്തയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മകള്‍: സാന്ദ്ര. മരുമകന്‍: സുരേഷ്.