പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിസംബർ 25നാണ് ഇലമന്ദം ആറുമുഖന്റെ മകൻ അനീഷ് ( 29) കുത്തേറ്റ് മരിച്ചത്. കേസ് സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞദിവസം ലോക്കൽ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി സുരേഷ് (45), ഹരിതയുടെ പിതാവ് പ്രഭുകുമാർ (43) എന്നിവർ ചേർന്ന് ഡിസംബർ 25ന് ഇലമന്ദം സ്കൂളിന് സമീപം റോഡിൽവെച്ച് അനീഷിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നു മാസം മുമ്പാണ് അനീഷും ഹരിതയും വിവാഹിതരായത്. മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾ റിമാൻഡിലാണ്.
ലോക്കൽ പൊലീസിന്റെ വീഴ്ചയാണ് അനീഷിന്റെ മരണത്തിന് കാരണമെന്ന് അനീഷിന്റെ ഭാര്യയും വീട്ടുകാരും പരാതിപ്പെട്ടിരുന്നു. സ്ഥലം സന്ദർശിച്ച ജില്ല പൊലീസ് ചീഫാണ് തുടരന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയതായി അറിയിച്ചത്. ഹരിതയുടെയും കുടുംബക്കാരുടെയും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കൊലപാതകത്തിൽ ഗൂഢാലോചന നടന്നോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. ആലത്തൂർ ഡിവൈ.എസ്.പി , കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ കുഴൽമന്ദം പൊലീസാണ് കേസ് അന്വഷിച്ചത്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുന്ദരനാണ് അന്വേഷണച്ചുമതല.