പാലക്കാട്: ജലവൈദ്യുതി ഉൽപാദനം പരിമിതമായ സാഹചര്യത്തിൽ 1000 മെഗാ വാട്ട് സൗരോർജം അടിയന്തരമായി ഉൽപാദിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി പറഞ്ഞു. പാലക്കാട് ജില്ലാ ജയിൽ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച 78 കിലോ വാട്ട് സൗരോർജ പ്ലാന്‍റിന്‍റെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ ജയിലിൽ 78 കിലോ വാട്ട് സൗരോർജ പ്ലാന്‍റ് സ്ഥാപിക്കാനായത് അഭിനന്ദനാർഹമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രവർത്തിച്ച വി.എസ് അച്യുതാനന്ദൻ എംഎൽഎ, ജില്ലാ ജയിൽ സുപ്രണ്ട് അനിൽ കുമാർ, വൈദ്യുതി വകുപ്പ് ജീവനക്കാർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 35 ശതമാനം വരെ മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കാനാവുന്നത്. ബാക്കി വൈദ്യുതി അമിത വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്. ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കാനാണ് വൈദ്യുതി ബോർഡും സർക്കാരും ശ്രമിക്കുന്നത്. പുരപുറങ്ങൾ, തരിശായി കിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സൗരോർജ പ്ലാന്‍റുകൾ സ്ഥാപിച്ച് 1000 മെഗാ വാട്ട് സൗരോർജം അടിയന്തരമായി ഉൽപാദിപ്പിക്കാനാണ് ശ്രമം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ജയിൽ അങ്കണത്തിൽ നടന്ന പരിപാടിയിൽ വി.എസ്. അച്യുതാനന്ദൻ എംഎൽഎയുടെ അധ്യക്ഷ പ്രസംഗം മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രാധിക മാധവൻ വായിച്ചു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കൃഷ്ണദാസ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.