പാലക്കാട് : ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട്, സ്വർണക്കടത്ത് കേസിലെ പ്രതി പി.എസ് സരിത്തിനെ വിജിലൻസ് കസ്‌റ്റഡിയിലെടുത്ത് വിട്ടയച്ചു. ചന്ദ്രനഗറിലെ താമസസ്ഥലത്ത് നിന്നാണ് പാലക്കാട് വിജിലൻസ് സംഘം സരിത്തിനെ ബുധനാഴ്‌ച രാവിലെ പത്തോടെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയത്. അതേസമയം, വിജിലന്‍സിനെതിരെ ഗുരുതര ആരോപണങ്ങളാണ് സരിത് ഉന്നയിച്ചത്.
മൂന്നുപേർ ചേർന്ന് ബലം പ്രയോഗിച്ചാണ് ഫ്‌ളാറ്റിൽ നിന്ന് കൊണ്ടുപോയത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും വിജിലൻസ് തന്നോട് ചോദിച്ചിട്ടില്ല. നോട്ടിസ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് തങ്ങളുടെ പാലക്കാട് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്‌ത ശേഷം ഉച്ചയ്‌ക്ക് രണ്ടോടെയാണ് സരിത്തിനെ വിട്ടയച്ചത്. 16 ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാവാൻ നോട്ടിസ് നൽകിയിട്ടുണ്ട്.
ALSO READ| 'വിജിലന്‍സ് സരിത്തിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു'; വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്
കൂടുതൽ പരിശോധനയ്‌ക്കായി ഫോൺ വിജിലൻസ് സംഘം കസ്‌റ്റഡിയിലെടുത്തു. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ് കസ്‌റ്റഡിയിലെടുത്തതെന്ന് വിജിലൻസ് സംഘം സ്ഥിരീകരിച്ചു. അതേസമയം, സരിത്തിനെ മഫ്‌തി പൊലീസ് എന്ന പേരിൽ ആരോ ഫ്‌ളാറ്റിൽ നിന്ന് ബലമായി തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് സ്വപ്‌ന സുരേഷ് രംഗത്തെത്തിയിരുന്നു.
എച്ച്.ആർ.ഡി.എസ് ഉദ്യോഗസ്ഥരായ സ്വപ്‌നയും സരിത്തും താമസിക്കുന്ന ഫ്ളാറ്റിൽ മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാവും ഉദ്യോഗസ്ഥര്‍ മഫ്‌തിയിലെത്തിയിട്ടുണ്ടാവുകയെന്നാണ് പൊലീസിന്‍റെ വാദം.