പാലക്കാട്: ഇഞ്ചിയുടെ വിളവെടുപ്പ് കാലമായതോടെ തമിഴ്‌നാട്ടില്‍ നിന്ന് വരെ പാലക്കാട്ടെക്ക് തൊഴിലാളികളെത്തി തുടങ്ങി. ദിവസക്കൂലിക്കാണ് പൊതുവേ ഇഞ്ചി വിളവെടുക്കുക. എന്നാല്‍ ഇത്തവണ കരാറടിസ്ഥാനത്തിലും വിളവെടുക്കുന്നുണ്ട്.
കരാർ പ്രകാരം ഇഞ്ചിക്കൃഷിയുടെ കടഭാഗം കിളച്ച് വേരും മണ്ണും കളഞ്ഞ ഒരു ചാക്ക് ഇഞ്ചി 200 രൂപ നിരക്കിലാണ് വിളവെടുത്തു നൽകുക. കൃഷിയിടത്തു തന്നെ താമസിച്ചാണ് ഇവർ തൊഴിൽ ചെയ്യുന്നത്. തമിഴ്‌നാട്ടിലെ കരാർ തൊഴിലാളികളുടെ രീതി ഏറെ സഹായമാണെന്ന് ഇഞ്ചിക്കർഷകൻ പൊന്നുക്കുട്ടി പറഞ്ഞു. ഇഞ്ചിക്കൃഷിക്കായി ഏക്കറിന് 40,000–50,000 രൂപ പാട്ടം നൽകിയാണ് ഭൂമി ഏറ്റെടുക്കുന്നത്.
മഴ നീണ്ടതിനാൽ ചെറുതോതിൽ രോഗമുണ്ടായെങ്കിലും ഭേദപ്പെട്ട വിളവ് ലഭിച്ചെന്ന് കർഷകർ പറഞ്ഞു. ഏക്കറിൽ 200-275 ചാക്ക് പച്ച ഇഞ്ചി ലഭിക്കും. വിളവെടുപ്പ് സജീവമായതോടെ പച്ച ഇഞ്ചിയുടെ വില 20 രൂപയിൽ താഴെയായി. ഇഞ്ചി വാങ്ങാൻ വ്യാപാരികൾ എത്താത്തതിനാൽ പാടത്ത് തന്നെ ഇഞ്ചി ചുരണ്ടി ഉണക്കി ചുക്ക് ആക്കി മാറ്റാനാണ് കർഷകരുടെ തീരുമാനം.
Also Read: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് നാളെ തുടക്കം; ഇക്കുറിയും പൊങ്കാല വീടുകളിൽ മാത്രം
ചുക്ക് ആക്കി മാറ്റാൻ കിളച്ച ഇഞ്ചി തൊലി ചുരണ്ടുന്നതിന് ഒരു ചാക്കിന് 80 രൂപയായി സ്ത്രീതൊഴിലാളികളുടെ കൂലി വർധിച്ചു. ചുരണ്ടിയ ഇഞ്ചി ദിവസങ്ങളോളം വെയിലത്തിട്ട് ഉണക്കി, കഴുകിയെടുത്ത് മണ്ണും പൊടിയും മാറ്റിയാലേ വിപണിയിൽ ഉയർന്ന വില ലഭിക്കൂ. വിളവെടുപ്പ് സജീവമായതോടെ ചുക്ക് വില 120 രൂപയായി താഴ്‌ന്നെന്നും കർഷകർ പറഞ്ഞു.