പാലക്കാട്: ഇന്ധനവില കുതിക്കുന്നതിനു പുറമെ ദേശീയപാതയിലെ ടോൾനിരക്കും വർധിപ്പിച്ചു. വെള്ളിയാഴ്‌ച (01.04.22) മുതൽ വാളയാറിലെയും പന്നിയങ്കരയിലെയും ടോൾബൂത്തുകളിൽ 10 ശതമാനമാണ് നിരക്ക് കൂട്ടിയത്. വാളയാർ മുതൽ തൃശൂർ വരെ ദേശീയപാത 544ൽ പന്നിയങ്കര, വാളയാർ എന്നിവിടങ്ങളിലാണ് ടോൾ ബൂത്തുള്ളത്.
കുതിച്ചുയര്‍ന്ന് ഇന്ധനവില: ഇതോടെ സംസ്ഥാനത്ത് ഡീസിൽവില ഇടവേളയ്ക്ക്ശേഷം സെഞ്ച്വറി അടിച്ചു. പെട്രോൾ വില 112.45 രൂപയായി. പത്തുദിവസത്തിനിടെ പെട്രോളിന് 6.11രൂപയും ഡീസലിന് 5.90 രൂപയുമാണ് കൂടിയത്. കൊവിഡിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെ ഇന്ധനവിലയും ടോൾ നിരക്കും ഉയരുന്നത് ടാക്‌സി ഡ്രൈവർമാരെയും ചരക്കുലോറികളെയും സ്വകാര്യബസുടമകളെയും സാധാരണക്കാരെയും പ്രതിസന്ധിയിലാക്കും.
കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്‍റെ നിർദേശമനുസരിച്ചാണ് നിരക്ക്‌വർധനയെന്ന് കരാർകമ്പനിയായ വാളയാർ– വടക്കഞ്ചേരി എക്‌സ്‌പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ്, തൃശൂർ എക്‌സ്‌പ്രസ്‌വേ ലിമിറ്റഡ് എന്നിവർ അറിയിച്ചു. പന്നിയങ്കര ടോൾ പ്ലാസയിലെ പുതിയ നിരക്ക് 20 കിലോ മീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് പ്രതിമാസം 285 രൂപയിൽനിന്ന് 315 രൂപയാക്കി.
പുതിയ നിരക്കിങ്ങനെ: വാഹനം ഒരിക്കൽ കടന്നുപോകാൻ, മടക്കയാത്ര ചേർത്തത്, മാസത്തുക (50 ഒറ്റയാത്ര) എന്ന ക്രമത്തിൽ. കാർ, ജീപ്പ്, വാൻ തുടങ്ങിയ വാഹനങ്ങൾക്ക് 100, 150, 3310 രൂപയുമാക്കി. ചെറിയ വാണിജ്യവാഹനങ്ങൾ, ചെറിയ ചരക്കുവാഹനങ്ങൾ, ചെറിയ ബസ് എന്നിവ 150, 235, 5205 രൂപ നല്‍കണം.
ബസ്, ട്രക്ക് (രണ്ട് ആക്‌സിൽ) എന്നിവയ്ക്ക് 310, 475, 10,540 രൂപയാണ്. വ്യവസായ ആവശ്യത്തിനുള്ള വലിയ വാഹനം, മണ്ണുമാറ്റാൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾ, മൾട്ടി ആക്‌സിൽ വാഹനങ്ങൾ എന്നിവയ്ക്ക് 480, 725, 16,065 രൂപയാണ് നിരക്ക്. ഏഴോ അതിലധികമോ ആക്‌സിലുള്ള വാഹനങ്ങള്‍ക്ക് 620, 935, 20,370 രൂപയും നല്‍കണം.
Also Read: എല്ലാം വില കൂടി: പാചക വാതകം, സിഎന്‍ജി, പി.എന്‍.ജി നിരക്കുകളില്‍ വൻ കുതിപ്പ്