പാലക്കാട്: നേതാക്കളുടെ പേര് പറഞ്ഞ് കേരള ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടുന്നതായി എ പ്രഭാകരൻ എംഎൽഎ പരാതി നൽകി. മലമ്പുഴ ധോണി സ്വദേശി വിജയകുമാർ, കണ്ണൂർ സ്വദേശി സിദ്ദിഖ് എന്നിവർ ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടുന്നതായാണ് പരാതി. സിപിഎം കണ്ണൂർ, പാലക്കാട് ജില്ല സെക്രട്ടറിമാർ, കേരള ബാങ്ക് ഡയറക്‌ടർ എ പ്രഭാകരൻ എംഎൽഎ എന്നിവരുടെ പേര് ദുരുപയോഗിച്ച് പണം തട്ടുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഉദ്യോഗാർഥികൾ, രക്ഷിതാക്കൾ എന്നിവരുമായി തട്ടിപ്പുകാർ നടത്തിയ ഫോൺസംഭാഷണങ്ങളും പരാതിയോടൊപ്പം നൽകി. കേരള ബാങ്കിന്‍റെ പുതിയതായി തുടങ്ങുന്ന ബ്രാഞ്ചുകളിൽ ക്ലർക്ക് തസ്‌തികകളിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെടുന്നത്.
കേരള ബാങ്ക് നിയമനങ്ങൾ പിഎസ്‌സിവഴിയാണ് നടത്തുന്നത്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഉദ്യോഗാർഥികൾ ശ്രദ്ധിക്കണമെന്നും തട്ടിപ്പുകാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിച്ച് നടപടി എടുക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചതായി എ പ്രഭാകരൻ എംഎൽഎ പറഞ്ഞു.
Also read: കാഞ്ഞങ്ങാട് നോട്ടിരട്ടിപ്പ് തട്ടിപ്പ് ; രണ്ട് പേര്‍ അറസ്റ്റില്‍