പാലക്കാട്: പച്ചക്കറികൾക്കും ഭക്ഷ്യവസ്‌തുക്കൾക്കും ക്ഷാമം നേരിടുന്നുവെന്ന് വ്യാപാരികൾ. കൊവിഡ് ക്ലസ്റ്റർ ആയ വലിയങ്ങാടി ഉടൻ തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. കടകളിലെ സാധനങ്ങൾ നശിച്ചു പോകുന്നതും കാലാവധി തീർന്നു പോകുന്നതും വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതേസമയം അങ്ങാടി തുറക്കുന്നത് സംബന്ധിച്ച് കലക്‌ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ചർച്ച ചെയ്യുമെന്ന് എ.ഡി.എം.ആർ.പി സുരേഷ് പറഞ്ഞു.
കൊവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിലെ പ്രധാനപ്പെട്ട പച്ചക്കറി മാർക്കറ്റുകളായ വലിയങ്ങാടിയും കൊടുവായൂരും ഒരാഴ്‌ച മുൻപാണ് അടച്ചിട്ടത്. ആരോഗ്യവകുപ്പിൻ്റെയും പൊലീസിൻ്റെയും റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. ഇതോടെ ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം രൂക്ഷമായി. ചെറുകിട കച്ചവടക്കാരും കടകൾ അടക്കേണ്ട അവസ്ഥയിലാണ്.