പാലക്കാട്: മത്സ്യങ്ങളിലെ അസാധാരണ തിളക്കത്തിന് ഉത്തരവുമായി പട്ടാമ്പി ഗവൺമെൻ്റ് കോളജിലെ അഞ്ചാം സെമസ്റ്റർ രസതന്ത്ര വിദ്യാർഥികൾ. കഴിഞ്ഞ ദിവസം മലപ്പുറത്തെ വിവിധ ഭാഗങ്ങളിലാണ് മത്സ്യങ്ങളിലെ തിളക്കമുള്ള നീല നിറം കണ്ടെത്തിയത്. സംഭവമറിഞ്ഞ് പട്ടാമ്പി ഗവ കോളജിലെ രസതന്ത്രം വിദ്യാർഥികൾ നടത്തിയ ഗവേഷണത്തിൽ ജൈവ ദീപ്‌തി പ്രതിഭാസമാണ് ഇതിന് കാരണം എന്ന് കണ്ടെത്തി. ലോകത്താകമാനം കൊവിഡ് കാലത്തെ മാനസികാവസ്ഥയും പഠന രീതിയുമൊക്കെ ചർച്ചയാവുന്ന ഇക്കാലത്ത് ശാസ്ത്ര ജിജ്ഞാസക്ക് യാതൊരു കുറവും വന്നിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പട്ടാമ്പി ഗവൺമെൻ്റ് കോളജിലെ അഞ്ചാം സെമസ്റ്റർ രസതന്ത്ര വിദ്യാർഥികൾ. ഓൺലൈൻ ക്ലാസിൽ വിദ്യാർഥികളിലൊരാൾ സ്വയം പ്രകാശിക്കാൻ കഴിവുള്ള ഫ്ലൂറസീൻ എന്ന തന്മാത്രയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് അധ്യാപികയായ ഡോ.ബിനിത മലപ്പുറത്തെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭ്യമായ മത്സ്യങ്ങളിലെ അസാധാരണ തിളക്കത്തെക്കുറിച്ച് ചർച്ച ചെയ്‌തത്.
മത്സ്യങ്ങളിൽ സാധാരണയായി ചേർക്കുന്ന അമോണിയയാണ് തിളക്കത്തിന് കാരണമെന്നാണ് പരക്കെയുണ്ടായ അഭിപ്രായം. എന്നാൽ അമോണിയക്ക് പ്രകാശം പുറപ്പെടുവിക്കാനുള്ള കഴിവില്ല. ഈ സമയത്താണ് കുട്ടികൾ 'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമയിലെ വെള്ളത്തിൽ മിന്നുന്ന നീല വെളിച്ചത്തെക്കുറിച്ച് പറയുന്നത്. ഈ വെളിച്ചത്തിന് മത്സ്യങ്ങളിലെ തിളക്കവുമായി ബന്ധമുണ്ടോ എന്ന സംശയത്തെ തുടർന്ന് നടത്തിയ അന്വേഷത്തിലാണ് പ്രകാശസംശ്ലേഷണം നടത്തുന്ന ജീവികളിലോ സസ്യങ്ങളിലോ കാണപ്പെടുന്ന ജൈവ ദീപ്‌തി എന്ന പ്രതിഭാസമാണിതെന്ന് കണ്ടെത്തിയത്. അവ ഭക്ഷിക്കുന്നതിലൂടെയാണ് ഇത്തരത്തിലുള്ള നീല തിളക്കം മത്സ്യങ്ങൾക്കുള്ളിൽ കണുന്നത്.
അധ്യാപികയായ ഡോ.ബിനിത എൻ.എൻ മുഖേന കൊച്ചിയിലെ സെൻ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞനായ ഡോക്‌ടർ മുഹമ്മദ് അഷറഫുമായി വിദ്യാർഥികൾ ഈ അനുമാനം പങ്കുവച്ചു. കർണാടക-വടക്കേ കേരള തീരങ്ങളിലുണ്ടായ ഫൈറ്റോ പ്ലാങ്ടൻ ബ്ലൂമിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതോടെ അവ ഭക്ഷിക്കുക വഴിയാണ് മത്സ്യങ്ങളിൽ ഈ ലൂമിനസെൻസ് കാണപ്പെടുന്നത് എന്ന അനുമാനം ശരിയാണെന്ന് ബോധ്യപ്പെട്ടു. കൂടുതൽ പരീക്ഷണങ്ങൾക്കായി മത്സ്യ സാമ്പിളുകൾ ഡോക്‌ടർ അഷറഫിൻ്റെ നിർദ്ദേശപ്രകാരം സെൻ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്ക് അയച്ചിട്ടുണ്ട്.