പാലക്കാട്: ജില്ലയില്‍ മാലിന്യ സംസ്‌കരണ ശാലയിൽ തീപിടിത്തം. ഫയർഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മനഃപൂർവം തീയിട്ടതാണെന്ന് സംശയിക്കുന്നുണ്ട്.
ചൊവ്വാഴ്‌ച പുലർച്ച രണ്ടരയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെടുന്നത്. മൂന്ന് മണിയോടെ ഫയർ ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. പ്ലാസ്റ്റിക്ക് മാലിന്യ കൂമ്പാരമടക്കമാണ് കത്തിയിരിക്കുന്നത്. ആരെങ്കിലും തീ വച്ചതാകാമെന്നാണ് പാലക്കാട് നഗരസഭ സംശയിക്കുന്നത്.
തീപിടിത്തത്തിന് പിന്നാലെ ശക്തമായ പുക ഉയർന്നിരുന്നു. ഫയർ ഫോഴ്‌സിന് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതോടെയാണ് പുകയ്‌ക്ക് ശമനമായത്. ജെ.സി.ബി അടക്കം ഉപയോഗിച്ച് മണ്ണിട്ടാണ് തീയണച്ചത്. നിലവില്‍ ജില്ലയിലെ എട്ട് ഫയർ ഫോഴ്‌സ് യൂണിറ്റ് തീ പൂർണമായും അണക്കാനുള്ള ശ്രമത്തിലാണ്.
അതേസമയം നാല് വർഷമായി തീ കത്താനുള്ള സാഹചര്യമില്ലാതിരുന്ന സ്ഥലത്ത് പെട്ടന്ന് ഉണ്ടായ തീപിടിത്തമാണ് മനഃപൂർവം ആരെങ്കിലും തീ വച്ചതാണോ എന്ന് സംശയിക്കാൻ കാരണമെന്ന് നഗരസഭ അധികൃതർ പറയുന്നു. മാലിന്യ സംസ്‌കരണ ശാലയുടെ മുൻവശത്ത് സുരക്ഷ ജീവനക്കാരനുണ്ട്. കൂടാതെ ഇവിടെ സി.സി.ടി.വിയും സ്ഥാപിച്ചിട്ടുണ്ട്. പുറകിൽ നിന്നാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ പൊലീസിൽ പരാതി നൽകിയതായും നഗരസഭ അറിയിച്ചു.
പേരാമ്പ്രയിൽ തീപിടിത്തം: കോഴിക്കോട് പേരാമ്പ്രയില്‍ അടുത്തിടെ തീപിടിത്തം റിപ്പോർട്ട് ചെയ്‌തിരുന്നു. ഒരു സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങളാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്. ചൊവ്വാഴ്‌ച (ജൂണ്‍ 13) രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. തൊട്ടടുത്തുള്ള ബാദുഷ സൂപ്പർ മാർക്കറ്റിന്‍റെ രണ്ടുനില കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു.
പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്‍റെ മാലിന്യ സംഭരണ കേന്ദ്രത്തിൽ നിന്ന് തീ പടർന്നതെന്നാണ് സൂചന. പേരാമ്പ്രയിൽ നിന്നുള്ള അഗ്നി രക്ഷ സംഘത്തിന് പുറമെ വടകര, കുറ്റ്യാടി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് തീ നിയന്ത്രണ വിധേയമാക്കാനായത്. കൂടാതെ പേരാമ്പ്ര പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
കൊപ്ര ഗോഡൗണിൽ വൻ തീപിടിത്തം: കാസർകോട് ജില്ലയിലെ നെല്ലിക്കട്ടില്‍ കൊപ്ര ഗോഡൗണിൽ അടുത്തിടെ വൻ തീപിടിത്തം ഉണ്ടായി. ജൂൺ ഒമ്പതിന് പുലർച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഗോഡൗൺ പൂർണമായി കത്തിനശിച്ചു.
പുലർച്ചെ തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കാസർകോട്, ഉപ്പള എന്നിവിടങ്ങളിൽ നിന്നായി അഗ്നിരക്ഷ സേനയുടെ മൂന്ന് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് സംഭവിച്ചത്. അതേസമയം തീപിടിത്തത്തിൽ ആർക്കും പരിക്ക് സംഭവിച്ചിട്ടില്ല.
നേരത്തെ ബോവിക്കാനത്ത് സ്‌കൂൾ സയൻസ് ലാബ് കെട്ടിടത്തിലും തീപടർന്നിരുന്നു. മുളിയാർ ഗവ. മാപ്പിള യു.പി സ്‌കൂളിലെ ഓടുമേഞ്ഞ ലാബ് കെട്ടിടത്തിനാണ് തീപിടിച്ചത്. ജനലും അലമാരയും ലാബിലെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. ഓടുമേഞ്ഞ കെട്ടിടമായതിനാൽ മേൽക്കൂരയിലേക്കും തീ പടരുകയായിരുന്നു. കാസർകോട്ടുനിന്ന് അഗ്നിരക്ഷാസേന അസിസ്റ്റ് സ്റ്റേഷൻ ഓഫിസർ സന്തോഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള ജീവനക്കാരെത്തിയാണ് തീ പൂർണമായും അണച്ചത്.
READ MORE: കാസർകോട് കൊപ്ര ഗോഡൗണിൽ വൻ തീപിടിത്തം; ആളപായമില്ല, ലക്ഷങ്ങളുടെ നാശനഷ്‌ടം