പാലക്കാട്: മഴയിൽ നെൽ കൃഷിയിൽ നാശം സംഭവിച്ചതിന് പുറമെ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാനിടമില്ലാത്തതിനാൽ ദുരിതത്തിലായിരിക്കുകയാണ് നെൽ കർഷകർ. പാലക്കാട് ഓങ്ങല്ലൂരിലെ കൊണ്ടൂർക്കര -പാമ്പാടി പാടശേഖരങ്ങളിലെ കർഷകരാണ് കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാനിടമില്ലാതെ ദുരിതത്തിലായത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിലും കാറ്റിലും നെൽ ചെടികൾ വെള്ളത്തിൽ മുങ്ങി നശിച്ച് നഷ്‌ടം ഉണ്ടായ സമയത്താണ് കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ വൈകുന്നത്.
കൊയ്‌ത നെല്ല് പാതയോരങ്ങളിലും വരമ്പുകളിലുമാണ് കർഷകർ സൂക്ഷിച്ചിരിക്കുന്നത്. ടാർ പായ കൊണ്ട് മൂടുന്നുണ്ടെങ്കിലും ശക്തമായ മഴ പെയ്‌താൽ കൊയ്തെടുത്ത നെല്ല് നനയും. ഇത്തരത്തിൽ നനഞ്ഞ നെല്ല് മുളക്കാൻ തുടങ്ങിയതോടെ വിൽപന നടത്താൻ കഴിയാത്ത അവസ്ഥയുമുണ്ട്. അതിഥി തൊഴിലാളികളുടെയും കൊയ്ത്ത് യന്ത്രങ്ങളുടെയും കുറവ് മൂലം കൂടുതൽ കൂലി കൊടുത്താണ് ഇത്തവണ കൃഷി ചെയ്തത്. നെല്ല് സംഭരണത്തെകുറിച്ച് സപ്ലൈകോ കൃത്യമായ മറുപടി നല്കാത്തതും കർഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
പാമ്പാടി - കൊണ്ടൂർക്കര പാടശേഖരങ്ങളിലായി 250 ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. ഇതിൽ 50 ഏക്കർ കൊയ്‌ത നെല്ലാണ് സംഭരണം നടക്കാത്തതിനാൽ സൂക്ഷിക്കാനിടമില്ലാതെ നശിക്കുന്നത്. ഇത് കാരണം ബാക്കി സ്ഥലത്തെ കൊയ്ത്ത് വൈകുകയാണ്. കഷ്‌ടപ്പെട്ട് മണ്ണിൽ പണിയെടുക്കുന്ന കർഷകരോടുള്ള അധികൃതരുടെ മനോഭാവം ഇത്തരത്തിലാണെങ്കിൽ അടുത്ത വർഷം ഒന്നാം വിള നെൽ കൃഷി ചെയ്യാനില്ലന്നാണ് ഭൂരിഭാഗം കർഷകരും പറയുന്നത്.