പാലക്കാട്: എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കെ വിദ്യയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വിശദമായി ചോദ്യം ചെയ്‌തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുക. തുടര്‍ന്ന് ഉച്ചയോടെ മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ ഹാജരാക്കും. വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ആഴ്‌ചയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ (ജൂണ്‍ 21) രാത്രിയാണ് കോഴിക്കോട് വച്ച് വിദ്യ പിടിയിലായത്. കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 16 ദിവസങ്ങള്‍ക്ക് ശേഷമാണ് മേപ്പയൂരിൽ ആവളത്തെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ 12.33 ഓടെ വിദ്യയെ അഗളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി.
കെ വിദ്യയുടെ വാദം: തനിക്കെതിരെ ഉയര്‍ന്ന വിവാദത്തില്‍ യാതൊരു പങ്കുമില്ല. താന്‍ കുറ്റക്കാരിയല്ലെന്നും മഹാരാജാസ് കോളജുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള രാഷ്‌ട്രീയ ഗൂഢാലോചനയാണിതെന്നുമാണ് വിദ്യയുടെ വാദം. ജോലിയ്‌ക്കായി മറ്റ് കോളജുകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നാണ് വിദ്യ പറയുന്നത്.
വ്യാജ സര്‍ട്ടിഫിക്കറ്റും വിദ്യക്കെതിരെയുണ്ടായ കേസും: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയ വിദ്യാര്‍ഥിയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ കെ വിദ്യ. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജില്‍ താത്‌കാലിക മലയാളം അധ്യാപികയായി ജോലി ലഭിക്കാന്‍ എറണാകുളത്തെ മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി സമര്‍പ്പിച്ചുവെന്നതാണ് കേസ്. ജൂണ്‍ രണ്ടിനാണ് വിദ്യ അട്ടപ്പാടി കോളജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്.
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടര്‍ന്ന് സംശയം തോന്നിയ അട്ടപ്പാടി കോളജ് അധികൃതര്‍ മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന കാര്യം തിരിച്ചറിഞ്ഞത്.
സംഭവത്തിന് പിന്നാലെ മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. പ്രിന്‍സിപ്പലിന്‍റെ പരാതിയില്‍ ജൂണ്‍ ആറിനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. എറണാകുളം പൊലീസ് എടുത്ത കേസ് പിന്നീട് അഗളി പൊലീസിന് കൈമാറി. അഗളി ഡിവൈഎസ്‌പി എൻ മുരളീധരൻ, സിഐ കെ സലീം എന്നിവർക്കാണ് അന്വേഷണ ചുമതല.
വിദ്യക്ക് കുരുക്കായത് ലോഗോയും സീലും: അട്ടപ്പാടിയിലെ കോളജില്‍ മലയാളം അധ്യാപികയായി ജോലി ലഭിക്കാന്‍ കെ വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ ഇന്‍റര്‍വ്യൂ പാനലിലുള്ളവര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇതിന് കാരണമായത് സര്‍ട്ടിഫിക്കറ്റിലെ ലോഗോയും സീലുമാണ്. മഹാരാജാസ് കോളജ് കഴിഞ്ഞ പത്ത് വര്‍ഷമായി മലയാളം താത്‌കാലിക അധ്യാപകരെ നിയമിച്ചിട്ടില്ലെന്നത് മറ്റൊരു വാസ്‌തവമാണ്.
ഇത്തരത്തില്‍ വിദ്യക്കെതിരെ മറ്റൊരു കേസ് കൂടിയുണ്ട്. പാലക്കാടും കാസര്‍കോടുമുള്ള രണ്ട് ഗവണ്‍മെന്‍റ് കോളജുകളിലും വിദ്യ താത്‌കാലിക അധ്യാപികയായി ജോലി ചെയ്‌തിട്ടുണ്ട്. ഇതില്‍ കാസര്‍കോട് കരിന്തളം കോളജിലെ പ്രിന്‍സിപ്പലിന്‍റെ പരാതിയിലാണ് വിദ്യക്കെതിരെ കേസുള്ളത്.
പൊലീസിനെതിരെയും വിമര്‍ശനം: മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച സംഭവത്തില്‍ വിവാദം ഉയര്‍ന്നതോടെ വിദ്യ ഒളിവില്‍ പോയിരുന്നു. കേസിനെ തുടര്‍ന്ന് വിവാദങ്ങളും ആരോപണങ്ങളും ഏറെ ഉയര്‍ന്നു. എന്നാല്‍ ഒളിവില്‍ പോയ വിദ്യയെ കണ്ടെത്താന്‍ കഴിയാത്തതില്‍ പൊലീസിന്‍റെ മെല്ലോപോക്കിന് എതിരെ വ്യാപക പ്രതിഷേധമാണുണ്ടായത്. വിദ്യയെ കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന്‍റെ കഴിവ് കേടാണെന്നും വിമര്‍ശനമുണ്ടായി.