പാലക്കാട്: സാധാരണക്കാരന്‍റെ ഊട്ടിയെന്നാണ് നെല്ലിയാമ്പതി അറിയപ്പെടുന്നത്. സുന്ദരമായ കാലാവസ്ഥയും മനോഹര കാഴ്‌ചകളും സഞ്ചാരികളെ നെല്ലിയാമ്പതിയിലേക്ക് ആകർഷിക്കുന്നു. ഇപ്പോഴിതാ കാടിറങ്ങി കാഴ്‌ചകൾ സമ്മാനിക്കുന്ന കാട്ടാനക്കൂട്ടമാണ് നെല്ലിയാമ്പതി നല്‍കുന്ന പുതിയ അനുഭവം. കുട്ടിയാനയുമായി റോഡില്‍ വിലസുന്ന ആനക്കൂട്ടം കഴിഞ്ഞ രണ്ട് മാസമായി ചുരത്തിലെ സ്ഥിരം കാഴ്‌ചയാണ്. നെല്ലിയാമ്പതിയുടെ പ്രകൃതി ഭംഗി ആസ്വാദിക്കാനെത്തുന്നതിനേക്കാൾ കൂടുതൽ പേരാണ് ആനക്കൂട്ടത്തെ കാണാൻ എത്തുന്നത്.
ആനകളെ കാണാനും ഫോട്ടോ എടുക്കാനും കൂടുതൽ ആളുകൾ എത്തുന്നതോടെ ആനകൾ സന്ദശകരെ വിരട്ടാനും തുടങ്ങിയിട്ടുണ്ട്. കുട്ടിയാന ഉൾവനത്തിലേക്ക് കയറി പോകാന്‍ പ്രാപ്‌തമാകുന്നത് വരെ കാട്ടാനകൾ ഈ പരിസരത്ത് തുടരുമെന്നാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം. ഒരു കുട്ടിയാനയും ആറ് വലിയ ആനകളുമാണ് സംഘത്തിലുള്ളത്. ചുരത്തിൽ ആനക്കൂട്ടത്തിന്‍റെ വരവ് സ്ഥിരമായതോടെ സന്ദർശകർക്ക് സുരക്ഷാ മുന്നറിയിപ്പുമായി വനംവകുപ്പും രംഗത്തെത്തിയിട്ടുണ്ട്.