പാലക്കാട്: ഷോളയൂരിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. ഷോളയൂർ കോവിൽ മേടിൽ ഒരു വീട്ടിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന വാഹനങ്ങൾ കാട്ടാന തകർത്തു. കോവിൽ മേട്ടിൽ വിഷ്‌ണുവിന്‍റെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കുമാണ് കാട്ടാന തകർത്തത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി പടക്കമെറിഞ്ഞ് ആനയെ തുരത്തുകയായിരുന്നു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അഞ്ച് വയസ് പ്രായം തോന്നിക്കുന്ന കുട്ടികൊമ്പനാണ് നാട്ടുകാർക്ക് ഭീഷണിയായി മാറിയത്. മൂന്ന് മാസം മുമ്പ് ഷോളയൂർ ക്ഷേത്ര പരിസരത്തിറങ്ങി നാട്ടുകാരെ ഭീതിയിലാക്കിയതും ഈ കുട്ടികൊമ്പനായിരുന്നു. അടുത്തിടെയായി രാത്രികാലങ്ങളിൽ ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഷോളയൂർ വണ്ണാന്തറ മേട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.