പാലക്കാട്: പാലക്കാട് നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർക്കെതിരെയുള്ള പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പാലക്കാട് നഗരസഭയിലെ യു.ഡി.എഫിന്‍റെ ആറ് കൗൺസിലർമാർ വിപ്പ് ലംഘിച്ചെന്ന് കാണിച്ച് ബി.ജെ.പി ജില്ലാ നേതൃത്വം നൽകിയ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.
വ്യാജ പ്രചാരണത്തിന് നേതൃത്വം നൽകിയ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.കെ ശ്രീകണ്ഠൻ എം.പി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ കെടുകാര്യസ്ഥ ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ശ്രീകണ്ഠൻ എം.പി അറിയിച്ചു.