പാലക്കാട്: എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്‌ഫി പെട്രോൾ വാങ്ങിയ പമ്പ് കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത് ഓട്ടോറിക്ഷ ഡ്രൈവർ. ഷൊർണൂർ പമ്പിൽ നിന്നാണ് ഇയാള്‍ ട്രെയിനില്‍ തീയിടാന്‍ ഉപയോഗിച്ച ഇന്ധനം വാങ്ങിയത്. പ്രതി പിടിയിലായതിന് ശേഷം പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.
ALSO READ| ട്രെയിനിലെ തീവയ്‌പ്പ്; ഷാരൂഖ് സെയ്‌ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നെന്ന് നിഗമനം
ഷൊർണൂരിൽ ചെലവിട്ടത് 14 മണിക്കൂര്‍: തന്‍റെ ഓട്ടോയില്‍ ഇയാള്‍ കയറിയ വിവരം ഡ്രൈവര്‍ സുഹൃത്തിനോട് പറയുകയും ഇയാള്‍ പൊലീസില്‍ വിവരമറിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് ഷൊർണൂർ പെട്രോൾ പമ്പിലെത്തി പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഷാരൂഖ് സെയ്‌ഫി തന്നെയെന്ന് ഉറപ്പുവരുത്തി. റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഷാരുഖ് ഓട്ടോറിക്ഷ വിളിച്ചത്. തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ കയറാതെ ഒന്നരക്കിലോമീറ്റർ അകലെയുള്ള പമ്പിലേക്ക് പോകാനാണ് ഡ്രൈവറോട് പ്രതി നിർദേശിച്ചത്. ഷൊർണൂരിൽ ഷാരുഖ് 14 മണിക്കൂറാണ് ചെലവിട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ALSO READ| ട്രെയിൻ തീവയ്പ്പ് കേസ് എൻഐഎ ഏറ്റെടുക്കാൻ സാധ്യത ; ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തി
ഈ മണിക്കൂറിൽ പ്രതി ആരെയൊക്കെ കണ്ട് എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഈ കണ്ടെത്തലുകൾ കേസിൽ കൂടുതൽ വഴിത്തിരിവിന് സാധ്യതയുണ്ടാക്കും. പൊലീസിന്‍റെ ചോദ്യങ്ങൾക്ക് ഷാരുഖ് സെയ്‌ഫി വ്യക്തമായ മറുപടികൾ നൽകിയിട്ടില്ല. ഷൊർണൂരിൽ നിന്നും കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് അന്വേഷണ വിധേയമായി ശേഖരിക്കുന്നുണ്ട്. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് എൻഐഎ ഏറ്റെടുക്കാൻ സാധ്യതയേറുന്നുവെന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്. എൻഐഎ ഡിഐജി കാളിരാജ് മഹേഷ് കുമാര്‍, അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ എഡിജിപി എംആർ അജിത്ത് കുമാറുമായി ചർച്ചനടത്തി. കോഴിക്കോട് വച്ചായിരുന്നു ഏപ്രില്‍ എട്ടിന് ചർച്ച നടത്തിയത്.
ALSO READ| 'ആ ബാഗ് ഷാരൂഖ് സെയ്‌ഫിയുടേത് തന്നെ'; കയ്യക്ഷരം തിരിച്ചറിഞ്ഞെന്ന് എഡിജിപി
പിടിയിലായ ഷാരൂഖ് സെയ്‌ഫിയുടെ രണ്ടുവർഷത്തെ ഫോൺകോളുകളും ചാറ്റുകളും പരിശോധിച്ചുവരുന്നതിന് പിന്നാലെയാണ് എൻഐഎ കേസിൽ പിടിമുറുക്കിയത്. ഇയാൾക്ക് പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന നിഗമനത്തിലാണ് കേന്ദ്ര കുറ്റാന്വേഷണ ഏജൻസി. അതിനിടെ കേസിലെ പ്രതി ഷൊർണൂരിൽ നിന്നാണ് ആക്രമണത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയതെന്ന് എഡിജിപി എംആർ അജിത്ത് കുമാർ സ്ഥിരീകരിച്ചു.
ട്രെയിനിലുണ്ടായ തീവയ്പ്പിനെ തുടര്‍ന്ന് മരിച്ച മട്ടന്നൂര്‍ സ്വദേശികളുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഏപ്രില്‍ ഏഴിന് ഉച്ചയ്ക്ക് 1.30നാണ്, സംഭവത്തില്‍ മരിച്ച പാലോട്ട് പള്ളി സ്വദേശിനി മണിക്കോത്ത് റഹ്മത്തിന്‍റേയും ചിത്രാരി സ്വദേശി നൗഫീഖിന്‍റേയും വീടുകള്‍ പിണറായി സന്ദർശിച്ചത്. ജില്ല കലക്‌ടര്‍ ആർ ചന്ദ്രശേഖര്‍, സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജൻ, പൊലീസ് മേധാവി എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.