പാലക്കാട് : അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ഏകമലയാളിയായ പിവി സുഹൈറിന്‍റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് നാട്ടുകാര്‍. പാലക്കാട്ടെ കാൽപ്പന്തുകളിക്കാരുടെ മെക്കയെന്ന് അറിയപ്പെടുന്ന എടത്തനാട്ടുകരയിൽ നിന്നാണ് സുഹൈർ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ നിന്ന് ഇത്ര വലിയ നേട്ടം കരസ്ഥമാക്കുന്ന ആദ്യ കളിക്കാരനാണ് സുഹൈർ.
ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഈ സീസണില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് പൂനെ ദേശീയ ക്യാമ്പിലേക്കും തുടർന്ന് ടീമിലേക്കും വഴിതുറന്നത്. ലീഗില്‍ നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചിരുന്നു. എടികെ മോഹൻ ബഗാനെതിരെ നേടിയ ഗോളിന് ഗോൾ ഓഫ് ദി വീക്ക് പുരസ്‌കാരവും കരസ്ഥമാക്കി.
ഇതോടെ ദേശീയ ടീമിൽ കളിക്കുകയെന്ന സ്വപ്‌നം സഫലമാകുന്നതിന്‍റെ സന്തോഷത്തിലാണ് സുഹൈറും നാടും. സ്‌കൂൾ പഠനകാലത്ത് ജിഒഎച്ച്എസ്എസിലെ കായികാധ്യാപകൻ കെ.രാജഗോപാലിന്‍റെ ശിക്ഷണത്തിലാണ് താരം കാൽപ്പന്ത് കളിയിലേക്കെത്തിയത്.
also read: ഓവന്‍ കോയ്ല്‍ ജംഷഡ്‌പൂര്‍ എഫ്‌സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞു
ഈ മാസം 23, 26 തിയതികളില്‍ മനാമയില്‍ ബഹ്റൈന്‍, ബെലാറുസ് എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യ സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത്. റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ള രാജ്യങ്ങളാണ് ബഹ്‌റൈനും ബെലാറുസും. ഇന്ത്യ 104-ാം സ്ഥാനത്തുള്ളപ്പോൾ ബഹ്‌റൈൻ 91-ാം സ്ഥാനത്തും ബെലാറുസ് 94-ാം സ്ഥാനത്തുമാണ്.