പാലക്കാട്: അട്ടപ്പാടി സ്വർണഗദ്ദ ആദിവാസി ഊരിലുള്ളവർ കുടിവെള്ളം കണ്ടെത്തുന്നത് പുഴയിൽ കുഴിയെടുത്ത്. തകർന്ന കുടിവെള്ള പദ്ധതി പുനഃസ്ഥാപിക്കാത്തതാണ് കുടിവെള്ളക്ഷാമത്തിനു കാരണം. സമീപത്തെ വരഗാർ പുഴയും വറ്റിവരണ്ടതോടെയാണ് പുഴയിൽ കുഴിയുണ്ടാക്കി ഇവർ വെള്ളം ശേഖരിക്കുന്നത്.
15 വർഷം മുമ്പ് വരഗാർ പുഴയിൽ സ്ഥാപിച്ച ജലനിധി പദ്ധതിയെയാണ് സ്വർണഗദ്ദ ഊര് നിവാസികൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. പദ്ധതി പിന്നീട് പുതൂർ പഞ്ചായത്ത് ഏറ്റെടുത്തു. മൂന്ന് വർഷം മുൻപ് ശക്തമായ മഴയിൽ കുടിവെള്ള പദ്ധതിയുടെ പമ്പുകൾ തകർന്നു. ഇത് ശരിയാക്കാൻ പഞ്ചായത്ത് തയ്യറാകാത്തതാണ് പ്രശ്നം.
കുടിവെള്ളം ടാങ്കറുകളിൽ എത്തിക്കാൻ വാർഡ് മെമ്പർ ഉൾപ്പെടെ ശ്രമിക്കുന്നില്ലെന്നും ഊര് നിവാസികൾ പറയുന്നു. നിരവധി പദ്ധതികൾ ഉണ്ടായിട്ടും ആദിവാസികൾ കുടിവെള്ളത്തിനു പോലും ഏറെ പ്രയാസം അനുഭവിക്കുകയാണ്.