പാലക്കാട് : അട്ടപ്പാടിയെന്നാൽ വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത നാടെന്നാണ് പൊതുബോധം. ശിശുമരണങ്ങളുടെ പേരിലുള്ള കുപ്രസിദ്ധി കൊണ്ടോ സിനിമകളിലെ മോശം പരാമർശങ്ങൾ കൊണ്ടോ ആകാം ഇത്തരമൊരു ധാരണ സൃഷ്ടിക്കപ്പെട്ടത്.
ഇത്തരത്തിൽ പരിഹസിക്കപ്പെടേണ്ട നാടല്ല അട്ടപ്പാടിയെന്നാണ് ഡോ. എ.ഡി മണികണ്ഠന്‍ പറയുന്നു. ചുരുങ്ങിയത് മൂവായിരം വർഷമോ അതിനും മുന്‍പോ ഉള്ള മനുഷ്യ സംസ്കാരത്തിലേക്ക് വെളിച്ചം വീശുന്ന നിരവധിയായ അമൂല്യ ചരിത്രാവശേഷിപ്പുകളെ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഭൂമികയാണ് അടപ്പാടി.
ഇക്കാര്യം ഊട്ടിയുറപ്പിക്കുന്ന കണ്ടെത്തലുകള്‍ക്കായി തന്‍റെ ജീവിതത്തിലെ പത്ത് വർഷങ്ങളാണ് അദ്ദേഹം ഹോമിച്ചത്. നിരവധിയായ ഗവേഷണങ്ങൾക്കും കൃത്യമായ വിവര ശേഖരണങ്ങൾക്കും മണികണ്ഠന്‍ ഈ നിഗമനങ്ങളിൽ എത്തിച്ചേർന്നത്.
അട്ടപ്പാടിയിൽ മൂന്ന് സംസ്കാരങ്ങൾ നിലനിന്നിരുന്നുവെന്ന് ഡോ. മണികണ്ഠന്‍ സാക്ഷ്യപ്പെടുത്തുന്നു. ശിരുവാണി നദിയോട് ചേർന്ന് ശിരുവാണി സംസ്കാരവും, വരഗാർ - ഭവാനി നദികളോട് ബന്ധപ്പെട്ടുള്ള സംസ്കാരവും, കൊടുങ്കരപ്പള്ളം നദിയോടനുബന്ധിച്ചുള്ള കൊടുങ്കരപ്പള്ള സംസ്കാരവുമാണ് അവ. ഇവ മൂന്നും ഉൾപ്പെടുന്ന അട്ടപ്പാടി നാഗരികതയെക്കുറിച്ചുള്ള കണ്ടെത്തലുകൾ പൂർണമാകാൻ പുരാവസ്തു വകുപ്പിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ഡോ. മണികണ്ഠൻ പറയുന്നു.
ALSO READ: സ്വാതന്ത്ര്യ സമരസേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു
തമിഴ്നാട്ടിലെ മധുരക്കടുത്ത് കീഴാടി എന്ന ഗ്രാമത്തിൽ നിന്നും കണ്ടെത്തിയ ചരിത്രാവശേഷിപ്പുകൾക്ക് സമാനമാണ് അട്ടപ്പാടിയിൽ നിന്നും കണ്ടെത്തിയവയും. അടപ്പാടിയിൽ പുരാവസ്തു വകുപ്പിന്‍റെ ഉത്ഖനനവും പഠനവും നടന്നാൽ നിരവധി സംഭാവനകൾ ചരിത്രത്തിന് നൽകാൻ കഴിയുന്ന ഇടപെടലാകുമെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു.
ഡോ. മണികണ്ഠന്‍റെ ഗവേഷണങ്ങൾക്ക് പൂർണ പിന്തുണയുമായി ഷോളയൂർ പഞ്ചായത്തും രംഗത്ത് വന്നിരിക്കുകയാണ്. ഡോ. മണികണ്ഠന്‍റെ സഹകരണത്തോടെ ചരിത്രാവശേഷിപ്പുകൾ കണ്ടെത്തിയ പഞ്ചായത്തിലെ പ്രദേശങ്ങൾ മാപ്പ് ചെയ്യാനും ഇതുവരെ ലഭ്യമായവ സൂക്ഷിക്കാനും ചരിത്ര മ്യൂസിയം ആരംഭിക്കാന്‍ സർക്കാരിനോട് ശിപാർശ ചെയ്യുമെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.
കൊടുങ്കരപ്പള്ളത്തിൻ്റെ കരയിൽ നിലനിന്നിരുന്ന സംസ്കാരത്തെക്കുറിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ട്. പുരാവസ്തുവകുപ്പ് സംഘം അടിയന്തരമായി ഇവിടം സന്ദർശിച്ച് കാര്യങ്ങൾ നേരിൽ മനസിലാക്കി സർക്കാരിലേക്ക് ഇതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കണമെന്നും പഞ്ചായത്ത് ആവശ്യപ്പെടുന്നു.