പാലക്കാട് : പട്ടാമ്പി ഗവൺമെന്‍റ് സംസ്കൃത കോളജിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി. അവസാന വർഷ വിദ്യാർഥികളുടെ നേതൃത്വത്തിൽ 500ലേറെ വിദ്യാർഥികൾ ചേർന്നാണ് ക്യാമ്പസ് ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച രാവിലെ ഡിജെ പാർട്ടി സംഘടിപ്പിച്ചത്. സംഭവത്തിൽ കോളജ് അധികൃതർക്കെതിരെ പട്ടാമ്പി പൊലീസ് സ്വമേധയാ കേസെടുത്തു.
പരിപാടികൾക്ക് അമ്പതിലേറെ പേർ ഒരുമിച്ചുകൂടരുത് എന്ന ആരോഗ്യ വകുപ്പിന്‍റെ കർശന നിർദേശം നിലനിൽക്കെയാണ് നിർദേശങ്ങൾ കാറ്റില്‍പ്പറത്തി ഗവൺമെന്‍റ് കോളജില്‍ അധികൃതരുടെ അറിവോടെ പരിപാടി നടത്തിയത്. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയായിരുന്നു പരിപാടി.
ALSO READ: ജാമ്യത്തിലിറക്കിയതിന് മകന്‍റെ ക്രൂരമർദനം ; വീട് വിട്ടിറങ്ങിയ വൃദ്ധദമ്പതികളെ ഏറ്റെടുത്ത് ശാന്തിതീരം
അതേസമയം നേരത്തെ അനുമതി വാങ്ങിയ 100 പേർ മാത്രം പങ്കെടുക്കുന്ന ഒരു മ്യൂസിക്കൽ പാർട്ടി മാത്രമാണ് നടന്നതെന്നും കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നുമായിരുന്നു പട്ടാമ്പി ഗവൺമെന്‍റ് കോളജ് പ്രിൻസിപ്പാൾ സുനിൽ ജോണിന്‍റെ വിശദീകരണം.
കൊവിഡ് നിയമം കാറ്റിൽപ്പറത്തി കോളജിൽ നടന്ന പരിപാടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.