പാലക്കാട്: ജില്ലയിൽ കൊവിഡ് സ്രവ പരിശോധന അടുത്തയാഴ്‌ച മുതൽ ഇരട്ടിയാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിശോധന വർധിപ്പിക്കാൻ തീരുമാനിച്ചത്. നിലവിൽ പാലക്കാട് 500 മുതൽ 750 പേരുടെ പരിശോധനകളാണ് ദിവസവും നടക്കുന്നത്. ഇത് 1500 ആയി വർധിപ്പിക്കാനാണ് തീരുമാനം. ഇതിനായി താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് നിലവിൽ പരിശോധന നടക്കുന്നത്. ഇതിനു പുറമെ ഒരു മൊബൈൽ യൂണിറ്റ് കൂടി അടുത്തയാഴ്‌ച മുതൽ ജില്ലയിൽ പ്രവർത്തനം തുടങ്ങും.
പാലക്കാട് മെഡിക്കൽ കോളജിൽ ദിവസവും 100 മുതൽ 150 പേരുടെ വരെ സ്രവം പരിശോധിക്കുന്നുണ്ട്. കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതോടെ ഇവിടെ പരിശോധന വർധിപ്പിക്കാനാകും. ജില്ലയിലെ ബാക്കി പരിശോധന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിലുമാണ് നടക്കുന്നത്. അടിയന്തര ഫലങ്ങൾക്കായി ജില്ലാ ആശുപത്രിയിൽ ട്രൂ നാറ്റ് പരിശോധനയും നടക്കുന്നുണ്ട്. ഗർഭിണികൾ, മൃതദേഹങ്ങൾ എന്നിവയുടെ പരിശോധനയാണ് ഇവിടെ നടത്തുന്നത്. ജില്ലയിൽ ഇതുവരെ 21327 സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. 18963 പേരുടെ ഫലം ലഭിച്ചപ്പോൾ 587 പേരുടെ ഫലം പോസിറ്റീവായി. 2364 പേരുടെ ഫലം ലഭിക്കാനുണ്ട്.