പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും കൊവിഡ് രോഗി കടന്നു. ഈ മാസം അഞ്ചാം തിയതിയാണ് ഇയാളെ ആശുപത്രിയിൽ നിന്നും കാണാതായത്. തമിഴ്നാട് മധുര സ്വദേശിയായ ഇയാൾ കഴിഞ്ഞ മെയ് 30ന് ആന്ധ്രാപ്രദേശിൽ നിന്നും ആലത്തൂരിൽ എത്തിയ ചരക്ക് ലോറിയുടെ ഡ്രൈവറാണ്.
പനിയും വയറിളക്കവും ഉണ്ടായതിനെത്തുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും സ്രവം പരിശോധിക്കുകയും തുടർന്നാണ് കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.
പരിശോധനാഫലം പോസിറ്റീവായതിന് പിന്നാലെ ജൂൺ അഞ്ചിന് ഇയാൾ ആശുപത്രിയിൽ നിന്നും കടന്നുകളയുകയായിരുന്നു. നിലവിൽ ഇയാൾ എവിടെയാണെന്നുള്ളതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. മൊബൈൽ ടവർ പരിശോധനയിൽ നിന്നും ഇയാളുടെ അവസാനത്തെ ലൊക്കേഷൻ വിശാഖപട്ടണമാണ്.