പാലക്കാട്: ജില്ലയിൽ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 142 ആയി. മൈസൂരിൽ നിന്നും വന്ന പെരുമാട്ടി കന്നിമാരി സ്വദേശിക്കും ഒരു ആരോഗ്യ പ്രവർത്തകക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ജില്ലയിൽ 8250 പേരാണ് നിരീക്ഷണത്തിലുള്ളത്.
8078 പേർ വീടുകളിലും 106 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. കൂടാതെ 49 പേർ മാങ്ങോട് കേരള മെഡിക്കൽ കോളജിലും 10 പേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ആറ് പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പരിശോധനയ്ക്കായി ഇതുവരെ അയച്ച 7957 സാമ്പിളുകളിൽ ഫലം വന്ന 6640 എണ്ണം നെഗറ്റീവും 154 എണ്ണം പോസിറ്റീവുമാണ്. ഇതിൽ 14 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.