പാലക്കാട്: കൊവിഡ് നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി കറങ്ങി നടന്നവർക്കെതിരെ പാലക്കാട് പൊലീസ് കേസ് എടുത്തു. വിദേശ യാത്രകഴിഞ്ഞെത്തിയവരോട് ആരോഗ്യവകുപ്പ് വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നു. പുറത്തിറങ്ങിയത് ശ്രദ്ധയിൽപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയെങ്കിലും അത് മുഖവുരയ്‌ക്കെടുക്കാതെ കറങ്ങി നടന്നതോടെയാണ് പൊലീസ് ഇടപെട്ടത്. കോങ്ങാട്ടെ രണ്ടുപേർ പൊതുപരിപാടിയിൽ പങ്കെടുത്തതായി ആരോഗ്യവകുപ്പിനും പോലീസിനും വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കോങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് രണ്ടുപേർക്കെതിരേയും പാലക്കാട് ടൗൺസൗത്ത്, കോട്ടായി, തൃത്താല പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് ഓരോരുത്തർക്കെതിരേയുമാണ് കേസെടുത്തത്. ഇവർക്കെതിരെ ഐ.പി.സി- 269(മറ്റുള്ളവരുടെ ജീവന് ഭീഷണിയാവുന്ന തരത്തിൽ പകർച്ചവ്യാധികൾ പകർത്തും വിധമുള്ള അശ്രദ്ധമായ പ്രവർത്തി)നടത്തിയതിനുൾപ്പെടെ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. ആറ് മാസം വരെ തടവോ, പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്ന വകുപ്പുകളാണിവ. അതേസമയം സാമൂഹമാധ്യമത്തിലൂടെ വ്യാജസന്ദേശമയച്ച ഒരാൾക്കെതിരേയും കേസ് എടുത്തിട്ടുണ്ട്.