പാലക്കാട്: കൊവിഡ് 19 ബ്രേക്ക് ദി ചെയിന്‍ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് കൊവിഡ് 19 പ്രതിരോധ മാർഗങ്ങൾ സജ്ജമാക്കി പോസിറ്റീവ് കമ്മ്യൂൺ പ്രവർത്തകർ. പട്ടാമ്പി മിനി സിവിൽ സ്റ്റേഷനിലാണ് ഹാൻഡ് സാനിറ്റൈസർ ഉൾപ്പടെയുള്ള പ്രതിരോധ മാർഗങ്ങൾ സജ്ജമാക്കിയത്. വിവിധ ആവശ്യങ്ങൾക്കായി മിനി സിവിൽ സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യാർഥം മാസ്‌ക്, ഹാൻഡ് സാനിറ്റൈസർ, ഹാൻഡ് വാഷ്, ടിഷ്യു പേപ്പര്‍ എന്നിവ ലഭ്യമാക്കി.
കൊവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ജില്ലയിലുടനീളം നടക്കുന്ന കൈകഴുകല്‍ ക്യാമ്പയിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും ഹാന്‍ഡ് സാനിറ്റൈസര്‍, സോപ്പ് തുടങ്ങി കൈ കഴുകുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരും പൊതുജനങ്ങളും സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഈ സൗകര്യം പ്രയോജനപ്പെടുത്തി കൈകഴുകി പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാകുക എന്നതാണ് ലക്ഷ്യം.