പാലക്കാട്: പോക്‌സോ കേസിൽ 65കാരന് അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയും. മണ്ണാർക്കാട് ചങ്ങലീരി പറമ്പുള്ളി ആനക്കപ്പള്ള വീട്ടിൽ അബ്‌ദുൾ റഹിമാനെയാണ് ഫസ്റ്റ് അഡീഷണൽ സെഷൻസ് (പോക്‌സോ) കോടതി ജഡ്‌ജി എൽ ജയവന്ത് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവും അനുഭവിക്കണം.
2019 ഫെബ്രുവരിയിലാണ് കേസിനാസ്‌പദമായ സംഭവം. പലചരക്ക് കടക്കാരനായ പ്രതി കടയിൽ മിഠായി വാങ്ങാനെത്തിയ പെൺകുട്ടിയെ കടയ്‌ക്കുള്ളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. മണ്ണാർക്കാട് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ സബ് ഇൻസ്‌പെക്‌ടറായിരുന്ന പി ജെ അരുൺകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി സുബ്രഹ്‌മണ്യൻ ഹാജരായി.
പോക്‌സോ കേസിലെ പ്രതിയായ മദ്രസ അധ്യാപകനും ശിക്ഷ: അതേസമയം, ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 26 വർഷം കഠിനതടവും 1,75,000 രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് കോട്ടോപ്പാടം പൊയ്യക്കോട് വീട്ടിൽ നൗഷാദ് ലത്തീഫിനെയാണ് (38) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്‌ജി ടി സഞ്‌ജു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നരവർഷം അധിക തടവ് അനുഭവിക്കണം. പിഴയായി അടയ്‌ക്കേണ്ട തുക അതിജീവിതയ്‌ക്ക് നൽകണം.
2018 ജൂലൈ മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിലാണ് നാലാം ക്ലാസ് മദ്രസ വിദ്യാർഥിനിയെ പ്രതി പീഡിപ്പിച്ചത്. അഗളി പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അന്നത്തെ എസ്‌ഐമാരായ പി വിഷ്‌ണു, എം സി റെജിക്കുട്ടി എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ശോഭന ഹാജരായി.