പാലക്കാട്: ജില്ലയിൽ ഒന്നാം വിള നെല്ല് സംഭരണത്തിനായി ഇതുവരെ 23 സഹകരണ സംഘങ്ങൾ സപ്ലൈകോയുമായി കരാർ ഒപ്പുവെച്ചു. നെല്ല് സംഭരണത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ള മറ്റ് 12 സഹകരണ സംഘങ്ങൾ ഇന്ന് കരാർ ഒപ്പ് വെക്കുമെന്ന് ജില്ലാ സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാർ അനിത ടി ബാലൻ അറിയിച്ചു. കണ്ണമ്പ്ര, നല്ലേപ്പിള്ളി, എലപ്പുള്ളി, പൊൽപ്പുള്ളി, നെന്മാറ, അയിലൂർ, പെരുമാട്ടി, എലവഞ്ചേരി, പുതുപ്പരിയാരം, വിളയഞ്ചാത്തന്നൂർ, തടുക്കശ്ശേരി, പുതുക്കോട്, പല്ലശ്ശന, മീനാക്ഷിപുരം മൂലത്തറ, മുണ്ടൂർ, കോട്ടായി, കൊല്ലങ്കോട്, പട്ടഞ്ചേരി, കൊടുവായൂർ, മാത്തൂർ തണ്ണിരങ്കാട്, മുതലമട, ആലത്തൂരിലെ രണ്ട് സർവീസ് സഹകരണ ബാങ്കുകൾ എന്നിവയാണ് ഇതുവരെ സപ്ലൈകോയുമായി കരാർ ഒപ്പിട്ട സഹകരണ സംഘങ്ങൾ. ഇതിൽ നേരത്തെ ഒപ്പുവെച്ച മുണ്ടൂർ, ആലത്തൂർ, ചിറ്റൂർ, പെരുമാട്ടി സേവന സഹകരണ ബാങ്കുകൾ പാടശേഖരങ്ങളിൽ നിന്നും നെല്ല് ഏറ്റെടുത്ത് തുടങ്ങി. ബാക്കിയുള്ളവ പാടശേഖരം അനുവദിക്കുന്നതനുസരിച്ച് സംഭരണം ആരംഭിക്കും.
കൂടുതൽ വായിക്കാൻ: നെല്ല് സംഭരണം; സപ്ലൈകോയും സഹകരണ സംഘങ്ങളും തമ്മിൽ കരാറായില്ല
ആലത്തൂരിൽ കെഡി പ്രസേനൻ എംഎൽഎ, മുണ്ടൂരിൽ കെവി വിജയദാസ് എംഎൽഎ, നല്ലേപ്പിള്ളിയിൽ മലബാർ സിമൻ്റ്സ് ഡയറക്ടർ ഇഎൻ സുരേഷ് ബാബു, പെരുമാട്ടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജി. മാരിമുത്തു എന്നിവർ നെല്ല് സംഭരണത്തോടനുബന്ധിച്ച് നടന്ന പരിപാടികൾ ഉദ്ഘാടനം ചെയ്തു. നെല്ലിന് കിലോയ്ക്ക് 27.48 രൂപയ്ക്കാണ് സംഭരണം നടക്കുക. ജില്ലയിൽ പാഡി കോ, ഓയിൽ ഫാം ലിമിറ്റഡ് എന്നീ സർക്കാർ മില്ലുകളും മൂന്ന് സ്വകാര്യ മില്ലുകളും നിലവിൽ നെല്ല് സംഭരണം തുടരുന്നുണ്ട്. സഹകരണ സംഘങ്ങൾ കൂടി സംഭരണം ഏറ്റെടുക്കുന്നതോടെ നെല്ല് സംഭരണം കൂടുതൽ ഊർജ്ജിതമാക്കാനാകുമെന്ന് പാഡി മാർക്കറ്റിങ് ഓഫീസർ പി. കൃഷ്ണകുമാരി പറഞ്ഞു. സപ്ലൈകോയുമായുള്ള കരാർ വ്യവസ്ഥ പ്രകാരം സഹകരണ സംഘങ്ങൾക്ക് നെല്ല് സംഭരിക്കുന്നതിന് ബാങ്ക് ഗ്യാരണ്ടി, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ആവശ്യമില്ല. എന്നാൽ സർക്കാർ, സ്വകാര്യ മില്ലുകൾക്ക് ഇത് ബാധകമാണ്.