പാലക്കാട്: പട്ടാമ്പി- ഷൊർണൂർ തീരദേശ പാതയിലെ കാരമണ്ണ പാലം നിർമാണം അന്തിമഘട്ടത്തിൽ. ഫില്ലറുകൾക്ക് മുകളിൽ സ്പാൻ സ്ഥാപിച്ചു. കൈവരി സ്ഥാപിക്കൽ, അപ്രോച്ച് റോഡ് നിർമാണം എന്നിവയാണ് ബാക്കിയുള്ള ജോലികള്‍. ലോക്ക്ഡൗണിൽ നിർമാണം മുടങ്ങിയതും പ്രവൃത്തി വൈകാൻ കാരണമായി. ഓങ്ങല്ലൂർ - ഷൊർണ്ണൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാരക്കാട് കാരമണ്ണ തോടിനു കുറുകെയാണ് പാലം നിർമിക്കുന്നത്.
നബാർഡ് വിഹിതമായ 1.76 കോടിയും ജില്ലാ പഞ്ചായത്ത് വിഹിതമായ 1.9 കോടിയും ചേർത്താണ് പാലത്തിന്‍റ നിര്‍മാണം. പാലം യാഥാർത്ഥ്യമാകുന്നതോടെ ഓങ്ങല്ലൂർ നിവാസികൾക്ക് ഷൊർണ്ണൂരിലേക്കുള്ള ദൂരം കുറക്കാനാകും. ഭാരതപ്പുഴയോട് ചേർന്ന് പട്ടാമ്പിയിൽ നിന്നും ആരംഭിക്കുന്ന തീരദേശ റോഡ് ചെങ്ങണാംകുന്നിൽ എത്തി നിൽക്കുകയാണ്. ജനങ്ങളുടെ സഹകരണത്തോടെ തീരദേശ റോഡിനെ ചെങ്ങണാംകുന്ന് വരെ എത്തിക്കാൻ കഴിഞ്ഞാൽ പട്ടാമ്പിക്കാർക്കുകൂടി കാരമണ്ണ പാലത്തിന്‍റെ ഗുണം ലഭിക്കും. പട്ടാമ്പി ടൗണിലെ ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ പരിഹാരം കാണാനാകും.