പാലക്കാട്: അന്തർ സർവകലാശാല മത്സരങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ട ടെന്നീസ് ടീം അംഗങ്ങൾക്ക് അവസരങ്ങളും ഗ്രേസ് മാർക്കും നിഷേധിക്കുന്നതായി പരാതി. കഴിഞ്ഞ അധ്യയന വർഷത്തെ കാലിക്കറ്റ് പുരുഷ, വനിതാ ടെന്നീസ് ടീമിലേക്ക് 10 താരങ്ങളെ സെലക്ഷൻ ട്രയൽ വഴി തെരഞ്ഞെടുത്തിരുന്നു. എന്നാൽ ഇവരെ ബാംഗ്ലൂരിൽ നടന്ന അന്തർ സർവകലാശാല മത്സരത്തിൽ പങ്കെടുപ്പിച്ചിരുന്നില്ല. സർവ്വകലാശാല ടീമിൽ അംഗമായവർക്ക് ലഭിക്കേണ്ട ഗ്രേസ് മാർക്കിനായി അപേക്ഷിച്ചപ്പോൾ കാലിക്കറ്റ് സർവകലാശാലയുടെ കായിക വിഭാഗം അതും നിഷേധിക്കുകയാണെന്നാണ് വിദ്യാർത്ഥികളുടെ പരാതി.
വിവിധ കായിക ഇനങ്ങളിൽ സർവ്വകലാശാലയെ പ്രതിനിധീകരിക്കുന്നവർക്ക് പരീക്ഷകളിൽ ഏഴ് ശതമാനം ഗ്രേസ് മാർക്കാണ് അനുവദിക്കുന്നത്. അന്തർ സർവ്വകലാശാല ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നവർക്കൊപ്പം സർവ്വകലാശാല ടീമിൽ അംഗങ്ങളാകുന്നവർക്കും ഈ ഗ്രേസ് മാർക്ക് നൽകണമെന്നും ഉത്തരവുണ്ട്. മുൻ വർഷങ്ങളിൽ അന്തർ സർവ്വകലാശാല മത്സരത്തിൽ പങ്കെടുക്കാത്തവർക്കും ടീമിൽ ഉൾപ്പെട്ടതിന്‍റെ പേരിൽ മാർക്ക് അനുവദിച്ചിരുന്നു. എന്നാൽ, ടീമിൽ അംഗമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കായിക വിഭാഗം അനുവദിക്കാത്തതോടെയാണ് കായിക താരങ്ങൾ പ്രതിസന്ധിയിലായത്.
പി.എസ്.സി ഉൾപ്പെടെ വിവിധ പരീക്ഷകളിൽ സ്‌പോർട്‌സ് ക്വാട്ടയിലൂടെ പ്രവേശനം സാധ്യമാക്കുന്ന സർട്ടിഫിക്കറ്റിനായി ഇവർ അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പിസി അബ്ദുൾ ബാസിത്, എൻ.സൽമാനുൽ ഫാഹിസ് (ഇരുവരും പി.എസ്.എം.ഒ കോളജ്, തിരൂരങ്ങാടി), എം.എസ് അരവിന്ദ്, ആഷിക് ബാബു (ഇരുവരും ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട), നിധിൻ ഡി.നായർ (ഗവ. വിക്ടോറിയ കോളജ്, പാലക്കാട്), വനിതാ ടീം അംഗങ്ങളായ സി.ജി. ആര്യ, ബി. സഞ്ജു, എച്ച്. ഹരിഷ്മ, (മൂവരും ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട), എച്ച്. വർഷാമേനോൻ (മേഴ്‌സി കോളജ്, പാലക്കാട്), പി.അഖില (എൻ.എസ്.എസ് ബി.എഡ്. കോളജ്, ഒറ്റപ്പാലം) എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.
ലോൺ ടെന്നീസ്, സോഫ്‌റ്റ് ടെന്നീസ് എന്നിവയിലെ അന്തർ സർവ്വകലാശാല മത്സരങ്ങൾ ഒരേ സമയം നടന്നതിനാൽ ഒരിനത്തിൽ മാത്രമാണ് ടീമിനെ അയക്കാൻ സാധിച്ചത് എന്നായിരുന്നു സർവ്വകലാശാലയുടെ വിശദീകരണം. എന്നാൽ വ്യത്യസ്ത തീയതികളിലും കേന്ദ്രങ്ങളിലുമാണ് മത്സരങ്ങൾ നടന്നതെന്നാണ് ടീം അംഗങ്ങൾ പറയുന്നത്. തങ്ങളുടേതല്ലാത്ത കാരണത്താലാണ് അന്തർ സർവ്വകലാശാല മത്സരങ്ങൾ നിഷേധിക്കപ്പെട്ടതെന്നും ടീം മെമ്പർ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ടീം അംഗങ്ങൾ സർവ്വകലാശാല വൈസ് ചാൻസിലർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ വിഷയം സിൻഡിക്കേറ്റിന്‍റെ പരിഗണനക്ക് വിട്ടെന്ന് രജിസ്ട്രാർ അറിയിച്ചു.