പാലക്കാട് : പെട്രോൾ, ഡീസൽ വിലവർധനയിൽനിന്ന് രക്ഷപ്പെടാൻ സിഎൻജി (കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ്) വാഹനമെടുത്തവർ ജീവിതമുരുട്ടാൻ വലയുകയാണ്. ഇടിത്തീപോലെയാണ് സിഎൻജി വിലവർധനയെന്ന് വാഹനമുടമകള്‍ പറയുന്നു. 10 ദിവസത്തിനിടെ 10 രൂപയാണ് ഒരു കിലോ സിഎൻജിക്ക് കമ്പനികൾ വർധിപ്പിച്ചത്.
ഇപ്പോൾ ഒരു കിലോ സിഎന്‍ജിക്ക് 82 രൂപയാണ് വില. 2021ലാണ് സിഎൻജി ഓട്ടോറിക്ഷ കേരളത്തിൽ വ്യാപകമായത്. ജില്ലയിൽ 2021 മുതൽ 2022 ഏപ്രിൽ 12 വരെ സിഎൻജിയും പെട്രോളും ഉപയോഗിക്കാവുന്ന 289 വാഹനവും സിഎൻജി മാത്രം ഉപയോഗിക്കാവുന്ന 371 വാഹനവും ജില്ലയിലെ ആർടിഒ, സബ് ആർടിഒ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓട്ടോകളിൽ രണ്ട് ഇന്ധനങ്ങളും ഉപയോഗിക്കാം.
കഴിഞ്ഞ ഒക്ടോബറിൽ 60 രൂപയായിരുന്നു കിലോയ്ക്ക് വില. അന്ന് പെട്രോൾ 104രൂപയും ഡീസൽ 90രൂപയും ആയിരുന്നു. സിഎൻജിയിൽ മൈലേജ് കൂടുതൽ ലഭിക്കുമെന്നും വില കൂടുകയുമില്ലെന്ന് വിശ്വസിപ്പിച്ചാണ് കമ്പനികൾ ഓട്ടോ ഡ്രൈവർമാരുടെ സാമ്പത്തികനില മുതലെടുത്ത് സിഎൻജി ഓട്ടോറിക്ഷകൾ വാങ്ങിപ്പിച്ചത്. മൂന്ന് ലക്ഷം രൂപയിലേറെ മുടക്കുമുതലുണ്ട് ഇതിന്.
സിഎൻജി ഓട്ടോകൾക്ക് രണ്ട് ലിറ്റർ മാത്രമാണ് പെട്രോൾ ടാങ്കിന്‍റെ ശേഷി, സിഎൻജിയുടേത് എട്ട് കിലോയും. ഇതും ദുരിതം കൂട്ടുന്നു. ദീർഘദൂര യാത്ര പോയാൽ ഇന്ധനം തീർന്ന് വഴിയിൽ കിടക്കേണ്ട സാഹചര്യമുണ്ടായേക്കുമെന്നും ഓട്ടോ ഡ്രൈവർമാർ പറയുന്നു.
ജില്ലയിൽ ആകെ മൂന്ന് സിഎൻജി പമ്പുകളാണുള്ളത്. പാലക്കാട് നഗരത്തിൽ കല്ലേക്കാടും കുന്നത്തൂർമേടും കഴിഞ്ഞാൽ 60 കിലോമീറ്ററിനപ്പുറം കൂറ്റനാട്ടാണ് അടുത്ത പമ്പ്. കിലോയ്ക്ക് 35 കിലോമീറ്റർ മൈലേജ് ലഭിച്ചാലും ദീർഘദൂരയാത്ര സിഎൻജി ഓട്ടോയിൽ ജില്ലയിൽ സാധ്യമല്ല.
വടക്കഞ്ചേരി, എരിമയൂർ, കോങ്ങാട് എന്നിവിടങ്ങളിൽ ഉടൻ പമ്പുകൾ തുറക്കുമെന്നാണ് അധികൃതർ പറയുന്നത്. ഓട്ടോറിക്ഷകളെക്കൂടാതെ ട്രക്കുകളും കാറുകളും സിഎൻജി ഉപയോഗിക്കുന്നുണ്ട്. ഇന്ധനം നിറയ്ക്കാൻ മിക്കപ്പോഴും പമ്പുകളിൽ കാത്തുനിൽക്കേണ്ട സ്ഥിതിയുണ്ടെന്ന് സിഎൻജി വാഹന ഉടമകൾ പറയുന്നു.