പാലക്കാട്: കുട്ടികള്‍ക്ക് അന്തസോടെ ജീവിക്കാനുള്ള അവസരം ഒരുക്കുക സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി കെ. കെ. ശൈലജ പറഞ്ഞു. ബാലാവകാശ കമ്മീഷന്‍റെ നേതൃത്വത്തില്‍ പാലക്കാട് -കഞ്ചിക്കോട് നടത്തിയ ബാലസൗഹൃദ പദ്ധതി സംസ്ഥാനതല ഉദ്ഘാടനവും 2021 -ലെ ബാലസൗഹൃദ വര്‍ഷം പ്രഖ്യാപനവും ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് നടത്തുന്ന ഇടപെടലുകളെയും മന്ത്രി അഭിനന്ദിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളെ മാജിക് പരിശീലനം നടത്തി വേദിയില്‍ അവതരിപ്പിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങള്‍ ലോകം മുഴുവന്‍ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ അധ്യക്ഷനായി. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ഗോപിനാഥ് മുതുകാട് ബോധവത്ക്കരണത്തിന്‍റെ ഭാഗമായി വിവിധ പരിപാടികള്‍ പ്രദര്‍ശിപ്പിച്ചു.
കമ്മീഷന്‍ അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട്, ബി. ബബിത, പി.പി ശ്യാമളാ ദേവി, സി. വിജയകുമാര്‍, റെനി ആന്‍റണി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ബിജോയ്, പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. പ്രസീത, വൈസ് പ്രസിഡന്‍റ് കേ.അജീഷ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ യു. പ്രഭാകരന്‍, പദ്മിനി ടീച്ചര്‍, സി. അജയകുമാര്‍, വനിതാ ശിശു വികസന ഓഫീസര്‍ പി.മീര, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എസ്. ശുഭ എന്നിവര്‍ പങ്കെടുത്തു.